സലാല ടൂറിസം ഫെസ്റ്റിവെല്‍: ഈ വര്‍ഷം കൂടുതല്‍ സ്ഥലങ്ങളില്‍ ആഘോഷം
സലാല: ഖരീഫ് സീസണോടനുബന്ധിച്ച ദോഫാര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെല്‍ ഈ വര്‍ഷം വിവിധ ഇടങ്ങളിലായി നടക്കും. ഇത്തീനിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നിരുന്ന പരിപാടികള്‍ പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും മുടങ്ങി കിടന്നിരുന്ന ഫെസ്റ്റിവെലാണിത്.
ഖരീഫ് എന്ന മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുന്ന ജൂലൈ 23 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ആഘോഷം. ലക്ഷ കണക്കിനാളുകളാണ് ഓരോ സീസണിലും എത്താറുള്ളത്.
ഫെസ്റ്റിവല്‍ സാധാരണ നടക്കാറുള്ള റിക്രിയേഷന്‍ സെന്റര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഖരീഫ് ഫെസ്റ്റിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ദോഫാര്‍ മുനിസിപ്പാലിറ്റി അറിയിച്ചു.
പൈതൃക, ടൂറിസം മന്ത്രാലയവുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും സഹകരിച്ചാണ് ടൂറിസ്റ്റ് സൈറ്റുകളില്‍ സന്ദര്‍ശകര്‍ക്കായി വിനോദ പരിപാടികളും മറ്റും സംഘടിപ്പിക്കുക. ഇതിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉറങ്ങികിടന്നിരുന്ന ടൂറിസം രംഗത്തെ ചെറിയതോതിലെങ്കിലും പുനരുജീവിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 75,0000 സഞ്ചാരികളാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ എത്തിയിരുന്നത്.
Adjust Story Font
16