സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ച് 'സലാം എയർ'
നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് നടത്തുന്നത്
സലാല: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു. ഏപ്രിൽ നാല് മുതൽ ഒക്ടോബർ വരെയാണ് ആഴ്ചയിൽ രണ്ട് സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ രാവിലെ 10.25 ന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10 ഓടെ കോഴിക്കോട് എത്തും. 4.55 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം ഒമാൻ സമയം 8.05 നാണ് സലാലയിൽ എത്തിച്ചേരുക.
ഞായറാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 3.20 ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.05 നാണ് കോഴിക്കോട് എത്തുക. രാത്രി 9.50 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം രാത്രി ഒരു മണിക്കാണ് സലാലയിൽ എത്തുക. ഏപ്രിലിൽ സലാല -കോഴിക്കോട് 65 റിയാലാണ് നിരക്ക്. കോഴിക്കോട് -സലാല 122 റിയാലാണ് നിരക്ക്. നാട്ടിൽ നിന്ന് സലാലയിലേക്ക് വരാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതല്ല ഈ നിരക്ക് എങ്കിലും സലാല-കോഴിക്കോട് നിരക്കിൽ നല്ല വ്യത്യാസം ഉണ്ട്.
നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് നടത്തുന്നത്. സലാം എയർ സർവ്വീസ് പ്രഖ്യാപിച്ചതിനാൽ എയർ ഇന്ത്യ എക്‌സ് പ്രസ്സ് ചാർജ് കുറക്കാൻ നിർബന്ധിതരായേക്കുമെന്ന് ട്രാവൽ ആന്റ് ടൂറിസം വിദഗ്ധനും അൽ ഫവാസ് ട്രാവത്സ് എം.ഡിയുമായ കെ.സൈനുദ്ദീൻ പറഞ്ഞു. റമദാനും സ്‌കൂൾ സീസണും വരുന്ന കാലയളിൽ ആരംഭിച്ച ഈ സർവ്വീസ് പ്രവാസികൾ ഏറെ ഗുണകരമാവും. സലാം എയർ ഇതോടൊപ്പം മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്കും സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് കോഴിക്കോടിന് സമാനമായ നിരക്കാണ് തിരുവനന്തപുരത്തേക്കുമുള്ളത്. ഇതാദ്യമായാണ് സലാം എയർ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവ്വീസ് നടത്തുന്നത്. നേരത്തെ ഒമാൻ എയർ ആരംഭിച്ചിരുന്നെങ്കിലും ഇടക്ക് വെച്ച് നിറുത്തിയിരുന്നു.
'Salam Air' launches direct service from Salalah to Kozhikode
Adjust Story Font
16