Quantcast

സന്ദർശക വിസയിൽ ഒമാനിലെത്തി വഞ്ചിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികൾ നാളെ നാട്ടിലേക്ക് തിരിക്കും

സന്ദർശക വിസ തൊഴിൽ വിസയാക്കി മാറ്റാമെന്ന വാഗ്ദാനം വിശ്വസിച്ച് ഒമാനിൽ എത്തിയ ഇവരെ സ്‌പോൺസർ കൈവിടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-16 18:54:34.0

Published:

16 Aug 2022 5:24 PM GMT

സന്ദർശക വിസയിൽ ഒമാനിലെത്തി വഞ്ചിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികൾ നാളെ നാട്ടിലേക്ക് തിരിക്കും
X

മസ്‌കത്ത്: സന്ദർശക വിസയിൽ ഒമാനിലെത്തി വഞ്ചിക്കപ്പെട്ട തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികൾ നാളെ നാട്ടിലേക്ക് തിരിക്കും. തൊഴിൽ വിസ കാലാവധി കഴിഞ്ഞ് ഇവിടെ കുടുങ്ങിയ മറ്റൊരു മത്സ്യത്തൊഴിലാളിയും ഇവർക്കൊപ്പം പോകും. സീബിലെ കൈരളി പ്രവർത്തകരുടെ ഇടപെടലാണ് മത്സ്യത്തൊഴിലാളികൾക്ക് തുണയായത്. സന്ദർശക വിസ തൊഴിൽ വിസയാക്കി മാറ്റാമെന്ന വാഗ്ദാനം വിശ്വസിച്ച് ഒമാനിൽ എത്തിയ ഇവരെ ഒടുവിൽ സ്‌പോൺസർ കൈവിടുകയായിരുന്നു.

സന്ദർശക വിസയിൽ വന്നവരായതിനാൽ സനദ് സംവിധാനം വഴി ഒമാൻ തൊഴിൽ വകുപ്പിന് പരാതി നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ കൈരളി പ്രവർത്തകരായ വിബിൻ ചെറായി, ഇഖ്ബാൽ, സുധാകരൻ, രാജു ജോൺ, ഗോപൻ എന്നിവർ സീബ് ഹാർബറിൽ പോയി കാണുകയും ബോട്ടിൽ കഴിയുകയായിരുന്ന എട്ടുപേർക്കും ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നൽകുകയും ചെയ്തു. ഇവരുടെ നിയമപരമായ കാര്യങ്ങൾ മന്ദഗതിയിലായതിനാൽ കൈരളി പ്രവർത്തകർ വിഷയം ഇന്ത്യൻ എംബസിയുടെ ഓപൺ ഹൗസിൽ എത്തിച്ചു.

തൊഴിലാളികളെ അംബാസഡർക്ക് മുന്നിൽ ഹാജരാക്കാനും അദ്ദേഹത്തെ ഇവരുടെ അവസ്ഥ ബോധ്യപ്പെടുത്താനും കഴിഞ്ഞു. എംബസി അധികൃതരുടെ ഇടപെടൽ മൂലം ഒമാൻ അധികൃതരിൽ നിന്നും പിഴ പൂർണമായും ഒഴിവായി കിട്ടുകയും ചെയ്തു. തമിഴ് പ്രവാസികളുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന തമിഴ്‌നാട്ടിലെ എൻ.ആർ.ടി വകുപ്പ് എട്ടുപേർക്ക് വേണ്ട വിമാന ടിക്കറ്റുകളും നൽകി. ഇവരുടെ കുടുംബാംഗങ്ങൾ നാട്ടിൽ വാർത്താസമ്മേളനം നടത്തിയത് മൂലമാണ് ഈ വിഷയം തമിഴ്‌നാട് സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടത്.

TAGS :

Next Story