ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അധ്യായനം പുനരാരംഭിച്ചു
ജൂൺ രണ്ടാം വാരം മുതലാണ് സ്‌കൂളുകൾ വേനലവധിക്കായി അടച്ചത്
മസ്കത്ത്: മധ്യവേനലവധിക്കു ശേഷം ഒമാനിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾ അധ്യായനം പുനരാരംഭിച്ചു. സ്‌കൂളുകൾ തുറക്കുന്നത് പ്രമാണിച്ച് നാട്ടിൽ നിന്നും മസ്‌കത്തിലേക്ക് വിമാന നിരക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഒമാനിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമായ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ തിങ്കളാഴ്ച മുതലാണ് അധ്യായനം ആരംഭിച്ചത്. സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കോവിഡിന് മുമ്പത്തെ അവസ്ഥയിലെത്തി എന്നുള്ള സവിശേഷത കൂടി ഈ വർഷത്തെ അധ്യയനത്തിനുണ്ട്.
ഇന്ത്യൻ സ്‌കൂൾ മബേലയിൽ ഞായറാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ മസ്‌കത്തിലെ മറ്റ് പ്രധാന വിദ്യാലയങ്ങളായ ഇന്ത്യൻ സ്‌കൂൾ ദാർസൈത്, ഇന്ത്യൻ സ്‌കൂൾ വാദി കബീർ, ഇന്ത്യൻ സ്‌കൂൾ ഗൂബ്ര എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലാണ് അധ്യായനം ആരംഭിക്കുന്നത്.
ജൂൺ രണ്ടാം വാരം മുതലാണ് സ്‌കൂളുകൾ വേനലവധിക്കായി അടച്ചത്. കടുത്ത ചൂട് കാരണമായി ചില സ്‌കൂളുകളിൽ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് നേരത്തെ തന്നെ അവധി ആരംഭിച്ചരുന്നു. ഭൂരിഭാഗം കുടുംബങ്ങളും അവധിക്കു നാട്ടിൽ പോയെങ്കിലും കനത്ത വിമാന ടിക്കറ്റ് നിരക്ക് കാരണം ചിലരൊക്കെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു.
Adjust Story Font
16