സുൽത്താൻ ഹൈതം സിറ്റി; ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാർ ഒപ്പുവെച്ചു
ഒമാനിൽ സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുത്തൻ ചുവടുവെപ്പുകൂടിയാണ് സുൽത്താൻ ഹൈതം സിറ്റി.
ഏഴ് ദശലക്ഷം റിയാലിന്‍റെ കരാറിൽ സുൽത്താൻ ഹൈതം സിറ്റിയിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുന്നതിനും സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കൽ എന്നിവയാണ് വരുന്നത്.
സ്ട്രാബാഗ് ഒമാൻ കമ്പനിയുമായി ഭവന, നഗരാസൂത്രണ മന്ത്രാലയം ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആദ്യ ഘട്ടം ഡിസംബർ 28ന് ആരംഭിച്ച് മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കും.
1.6 ദശലക്ഷം ചതുരശ്ര മീറ്റർ സെൻട്രൽ പാർക്ക് സ്ഥാപിക്കൽ, മൊത്തം 35 കിലോമീറ്റർ വിസ്തൃതിയിൽ മറ്റ് ഘടകങ്ങൾ ഒരുക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. ആധുനിക സൗകര്യങ്ങൾ അടങ്ങിയ ‘സുൽത്താൻ ഹൈതം സിറ്റി’ സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Adjust Story Font
16