വികസനം നേരിട്ടറിയാൻ മുസന്ദം ഗവർണറേറ്റിലെത്തി ഒമാൻ സുൽത്താൻ
മുസന്ദം ഗവർണറേറ്റിൽ എത്തിയ ഒമാൻ സുൽത്താന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്.
മസ്കത്ത്: വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാനായി ഒമാൻ സുൽത്താൻ മുസന്ദം ഗവർണറേറ്റിൽ എത്തി. മുസന്ദം ഗവർണറേറ്റിലെ ശൈഖുമാർ, വ്യവസായ പ്രമുഖർ, ഒമാനി പൗരന്മാർ തുടങ്ങിയവരുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി.
മുസന്ദം ഗവർണറേറ്റിൽ എത്തിയ ഒമാൻ സുൽത്താന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. വികസന പദ്ധതിയുടെ ഭാഗമായി ഗവർണറേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു.
മുസന്ദം ഗവർണറേറ്റിൽ സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഗവർണറുമായും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുമായും നല്ല രീതിയിൽ പ്രവർത്തിക്കാൻ ഒമാൻ സുൽത്താൻ ശൈഖുമാരോടും നേതാക്കളോടും അഭ്യർഥിച്ചു.
മുസന്ദം ഗവർണറേറ്റിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കാനും സുൽത്താൻ നിർദേശിച്ചു. അൽ ജരാദിയ ഏരിയയിൽ വാണിജ്യ- പാർപ്പിട പദ്ധതി സ്ഥാപിക്കൽ, സൈഹ് അൽ വാസത്തിൽ വ്യവസായ മേഖല, മദ്ഹ വിലായത്തിൽ സാമൂഹിക ഭവന നിർമാണം, നിരവധി സമുദ്ര ഗ്രാമങ്ങളുടെ വികസനം, ഖസബ് വിലായത്തിലെ മഹാസ് വ്യവസായ മേഖലയിൽ പ്രീ ഫാബ്രിക്കേറ്റഡ് മോഡൽ ഫാക്ടറികൾ സ്ഥാപിക്കൽ തുടങ്ങി നിരവധി വികസന പദ്ധികൾ ഒരുക്കാനാണ് സുൽത്താൻ നിർദേശം നൽകിയിരിക്കുന്നത്.
Adjust Story Font
16