ഒമാനിലെ വാഹനാപകടം; മരിച്ചവരിൽ പാലക്കാട് സ്വദേശിയും
ഒറ്റപ്പാലം സ്വദേശി സുനിലാണ് ലിവയിലുണ്ടായ അപകടത്തിൽ മരിച്ചത്
മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചവരിൽ പാലക്കാട് സ്വദേശിയും. ഒറ്റപ്പാലം സ്വദേശി സുനിലാണ് ലിവയിലുണ്ടായ അപകടത്തിൽ മരിച്ചത്. സുനിലിനെ കൂടാതെ മറ്റു രണ്ട് ഒമാനി പൗരന്മാരും അപകടത്തിൽ മരിച്ചിട്ടുണ്ട്. സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ബുധനാഴ്ച രാവിലോടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിവ വിലായത്തിൽ ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചതായും 15 പേർക്ക് പരിക്കേറ്റതായും റോയൽ ഒമാൻ പൊലീസ് എക്‌സിലൂടെ പുറത്തുവിട്ടിരുന്നു. 'ലിവ വിലായത്തിൽ ഒരു ട്രക്കും 11 വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയുമടക്കം മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു, തെറ്റായ ദിശയിൽ ട്രക്ക് ഡ്രൈവർ വാഹനം ഓടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണ്' റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16