ടി20 എമർജിംഗ് ടീംസ് ഏഷ്യാകപ്പിന് നാളെ മസ്‌കത്തിൽ തുടക്കം
ഇന്ത്യയുടെ ആദ്യമത്സരം 19ന് പാകിസ്താനെതിരെ
മസ്‌കത്ത്: ടി20 എമർജിംഗ് ടീംസ് ഏഷ്യാ കപ്പിനുള്ള പോരാട്ടത്തിന് മസ്‌കത്തിൽ നാളെ തുടക്കമാകും. ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഹോങ്കോങ്ങിനെ നേരിടും. തിലക് വർമ നയിക്കുന്ന ഇന്ത്യൻ എ ടീമിന്റെ ആദ്യ മത്സരം 19 ന് പാകിസ്താന് എ ടീമിനെതിരെയാണ്.
മസ്‌കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഒക്ടോബർ 18 മുതൽ 27 വരെയാണ് മത്സരങ്ങൾ.
നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് ഹോങ്കോങ്ങിനെ നേരിടും. ഒമാൻ സമയം ഉച്ചക്ക് ഒരു മണിക്കാണ് മത്സരം. നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഗ്രൂപ്പ് ബിയിൽ പാക്കിസ്താൻ, ഒമാൻ, യുഎഇ എന്നിവർക്കൊപ്പമാണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്, ശ്രീലങ്ക എന്നീ ടീമുകളടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് ഒക്ടോബർ 27 ന് ഫൈനൽ നടക്കും.
ഒക്ടോബർ 19ന് ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഒമാൻ സമയം വൈകുന്നേരം 5.30 നാണ് മത്സരം. ഒക്ടോബർ 21 ന് യുഎഇയെയും 23 ന് ഒമാനെയും ഇന്ത്യ നേരിടും. അഭിഷേക് ശർമ്മ, രാഹുൽ ചാഹർ, സായി കിഷോർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ എ ടീമിനെ തിലക് വർമയാണ് നയിക്കുന്നത്. 2023ൽ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്ത ടീമിന്റെ ഭാഗമായതിന് ശേഷം ടൂർണമെന്റിൽ അഭിഷേക് ശർമ്മയുടെ തുടർച്ചയായ രണ്ടാം വരവ് കൂടിയാണിത്. 2013ൽ കിരീടം നേടിയ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ എമർജിംഗ് ഏഷ്യാ കപ്പ് കിരീടം ഉറപ്പിക്കാൻ കൂടിയാണ് കളത്തിലിറങ്ങുന്നത്. ആഖിബ് ഇല്യാസ് നയിക്കുന്ന ഒമാൻ ടീം കരുത്തുറ്റ സ്‌ക്വാഡുമായാണ് ടൂർണമെന്റിനെത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ എ, മുൻ ചാമ്പ്യൻമാരായ ഇന്ത്യ എ, യുഎഇ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് ഒമാൻ. ആതിഥേയരുടെ ആദ്യ മത്സരം ഒക്ടോബർ 19ന് യുഎഇക്കെതിരെയാണ്.
Adjust Story Font
16