ഭൂരിഭാഗം ഗവർണറേറ്റുകളിലും മേഘാവൃത അന്തരീക്ഷം; ഒമാനിൽ താപനില കുറയുന്നു
കത്തുന്ന ചൂടിൽനിന്ന് ആശ്വാസം
മസ്‌കത്ത്: തലസ്ഥാനമായ മസ്‌കത്ത് ഉൾപ്പെടെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മേഘാവൃത അന്തരീക്ഷമായതോടെ ഒമാനിൽ താപനില കുറയുന്നു. ഇതോടെ കത്തുന്ന ചൂടിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുറത്ത് താപനില ഏകദേശം 30 മുതൽ 35 ഡിഗ്രി സെൽഷ്യസാണ്. 45 ഡിഗ്രി സെൽഷ്യസ് വരെയുണ്ടായിരുന്ന താപനില കുറയുന്നത് വലിയ ആശ്വാസം നൽകുന്നതാണ്.
ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ആഗസ്റ്റ് അഞ്ചിനും ഏഴിനും ഇടയിൽ ഒമാനെ ന്യൂനമർദം ബാധിക്കും. മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗത്ത് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, നോർത്ത് ബാത്തിന, ദാഹിറ, അൽ ബുറൈമി, നോർത്ത് ഷർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴയും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ട്. പൊടി ഉയരുന്നതിനാൽ റോഡുകളിലടക്കം കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒമാന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മേഘ രൂപീകരണമുണ്ടായേക്കും. സൗത്ത് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, നോർത്ത് ബാത്തിന എന്നീ ഗവർണറേറ്റുകളിലായിരിക്കുക കൂടുതൽ മേഘ രൂപീകരണമുണ്ടായേക്കുക. ഇവിടങ്ങളിൽ 25-50 മില്ലിമീറ്റർ വരെ മഴ പെയ്താൽ ചില വാദികളിൽ വലിയ ഒഴുക്കുണ്ടാകും. 15-35 നോട്ട്‌സ് (2865 കിമീ/മണിക്കൂർ) വേഗതയിൽ കാറ്റ് വീശിയേക്കും. ഇടിമിന്നലും കാറ്റ് മൂലം പൊടിപടലങ്ങൾ ഉയരുകയും ചെയ്യു മ്പോൾ കാഴ്ച കുറയാനുമിടയുണ്ട്. അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും തീരത്ത് പരമാവധി നാല് മീറ്റർ ഉയരത്തിൽ കടൽ പ്രക്ഷുബ്ധമായേക്കും.
Adjust Story Font
16