Quantcast

സലാലയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സിജോ വർഗീസിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുവരും

ഷാമ്പു ബോട്ടിൽ പിടിക്കാൻ ശ്രമിക്കവെയാണ് ഇദ്ദേഹം കാൽതെറ്റി വീണത്

MediaOne Logo

Web Desk

  • Published:

    8 Jan 2023 4:44 PM GMT

സലാലയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സിജോ വർഗീസിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുവരും
X

സലാലയിലെ ഔഖത്തിൽ താമസ സ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച കോട്ടയം ഇരവിച്ചിറ സ്വദേശി പാറപ്പുറത്ത് സിജോ വർഗീസിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഏകദേശം നാല് മീറ്റർ മാത്രം ഉയരമുള്ള ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് സിജോ വീഴുന്നത്. അന്ന് രാത്രി പള്ളിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുട്ടികളെ ഒരുക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ഷാമ്പു ബോട്ടിൽ താഴെ വീണു. ഇത് മുകളിലേക്ക് എറിഞ്ഞ് തരാൻ അയൽവാസിയായ സ്വദേശി ബാലനോട് ആവശ്യപ്പെട്ടു. ഇത് പിടിക്കാൻ ശ്രമിക്കവെയാണ് കാൽതെറ്റി താഴെ വീഴുന്നത്. തലകുത്തി വീണതിനാൽ തലപൊട്ടി രക്തം വാർന്നുപോകുകയായിരുന്നു.

സിജോ വർഗീസിന്റെ ഭാര്യ നീതു മോൾ സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ്. വീട്ടിലുണ്ടായിരുന്ന ഇവർ ഓടിയെത്തി പരിശോധിക്കുമ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്തുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പെ മരണപ്പെട്ടു.

സിജോയുടെ ആകസ്മിക മരണം സലാലയിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. ഇവർക്ക് എട്ടും ആറും രണ്ടും വയസ്സുള്ള മൂന്ന് ആൺകുട്ടികളാണുള്ളത്. മൂത്ത മകൻ ഡാൻ വർഗീസ് ഇന്ത്യൻ സ്‌കൂൾ സലാല വിദ്യാർത്ഥിയാണ്. കഴിഞ്ഞ് ഏഴ് വർഷമായി സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്ത് വരികയാണ് സിജോ.

വാഗത്താനം സെന്റ് തോമസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിയിലാണ് മൃതദേഹം സംസ്‌കരിക്കുക. അമേരിക്കയിലുള്ള സിജോ വർഗീസിന്റെ മാതാപിതാക്കൾ എത്തിച്ചേരുന്ന മുറക്കാണ് സംസ്‌കാരം. രേഖകൾ ശരിയാകുന്നതിനനുസരിച്ച് ചൊവാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും മക്കളും മൃതദേഹത്തെ അനുഗമിക്കും.

TAGS :

Next Story