ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു
ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച നൽകിയത്
മസ്കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച നൽകിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപ തകരാൻ കാരണമായത്. ഒമാനി റിയാലിൻറെ വിനിമയ നിരക്ക് അന്താരാഷ്ട്ര പോർട്ടലായ എക്‌സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 217.30 എന്ന നിരക്കാണ് കാണിക്കുന്നത്.
വിനിമയ നിരക്ക് 217 കടന്നിട്ടും വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് വിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വേനൽ അവധിയായതിനാൽ കുടുംബ സമേതം ഒമാനിൽ കഴിയുന്ന വലിയ വിഭാഗം നാട്ടിലാണ്. ഇക്കാരണങ്ങളാൽ വിനിമയ നിരക്ക് സർവ്വകാല റിക്കാർഡിനടുത്തെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നില്ല.
കുടാതെ സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് വിനിമയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതില്ല. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെ ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളെല്ലാം ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയും വൻ തകർച്ചയാണ് നേരിടുന്നത്. വിപണിയിൽ നിന്ന് ഡോളർ വിദേശത്തേക്ക് ഒഴുകുന്നത് വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Adjust Story Font
16