കാഴ്ചയുടെ വസന്തവുമായി പ്രഥമ മസ്‌കത്ത് ഫ്ലവർ ഫെസ്റ്റിവൽ വരുന്നു
മസ്‌കത്ത് നൈറ്റ്‌സിന്റെ ഭാഗമായി ഖുറം നാച്ചുറൽ പാർക്കിലാണ് മേള നടക്കുക
മസ്‌കത്ത്: കാഴ്ചയുടെ വസന്തവുമായി പ്രഥമ മസ്‌കത്ത് ഫ്‌ളവർ ഫെസ്റ്റിവൽ വരുന്നു. മസ്‌കത്ത് നൈറ്റ്‌സിന്റെ ഭാഗമായി ഖുറം നാച്ചുറൽ പാർക്കിലാണ് മേള നടക്കുക. ഫ്രാൻസ്, നെതർലാൻഡ്‌സ്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഫ്‌ലവർ ഡിസൈനർമാരുടെയും ഒമാനിലെ പ്രാദേശിക ഡിസൈനർമാരുടെയും കലാവൈഭവം ഫെസ്റ്റിവലിൽ കാണാം. വേൾഡ് അസോസിയേഷൻ ഓഫ് ഫ്‌ലോറൽ ആർട്ടിസ്റ്റുകളിൽ അംഗമാകുന്ന ജി.സി.സിയിലെ ആദ്യത്തെ രാജ്യമാണ് ഒമാൻ.
സിംഗപ്പൂർ, തായ്ലൻഡ്, ചൈന, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ടീമാണ് ഫ്‌ളവർ ഷോ അണിയിച്ചൊരുക്കുന്നത്. അതേസമയം, തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായെത്തുന്ന മസ്‌കത്ത് നൈറ്റ്സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ 23മുതൽ ജനുവരി 21 വരെയാണ് മസ്‌കത്തിന്റെ സായാഹ്നങ്ങളെ മനോഹരമാക്കുന്ന മസ്‌കത്ത് നൈറ്റ്‌സ് നടക്കുക. നസീം പാർക്ക്, വാദി അൽ ഖൗദ്, സീബ് ബീച്ച്- സുർ അൽ ഹദീദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക് എന്നിങ്ങനെ വിവിധ വേദികളിലാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുന്നത്. ഖുറം നാച്ചുറൽ പാർക്കിൽ ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും.
Adjust Story Font
16