Quantcast

ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം: ഐസിഎഫ്

എസ്‌വൈഎസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി 'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ചർച്ചകൾ

MediaOne Logo

Web Desk

  • Published:

    26 Oct 2024 2:54 PM GMT

The impact of labor migration of Indians should be discussed: ICF
X

മസ്‌കത്ത്: ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണമെന്ന് ഐസിഎഫ്. എസ്‌വൈഎസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ നടക്കുന്ന യൂനിറ്റ് സമ്മേളനത്തിന്റെ പ്രമേയമായ 'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഇത്തരത്തിലുള്ള ചർച്ചകൾക്ക് വേദി തുറക്കുകയാണെന്ന് ഐസിഎഫ് ഭാരവാഹികൾ പറഞ്ഞു. അടുത്ത മാസം ഏഴ് മുതൽ പത്ത് വരെ തിയ്യതികളിലാണ് സമ്മേളനങ്ങൾ നടക്കുക. പ്രവാസ ലോകത്തിന്റെ വൈവിധ്യമാർന്ന വിഷയങ്ങൾ സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ കൊണ്ടുവരാനാണ് 'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാരവാഹികൾ പറഞ്ഞു.

യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങൾക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗൾഫ് പ്രവാസി മലയാളി എന്ന കൗതുകകരമായ അന്വേഷണം അതിലൊന്നാണ്. 1950 കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള ഈ അന്വേഷണം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനമായി 'സ്പർശം' എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും. സമ്മേളനത്തിന്റെ സ്മാരകമായി 'രിഫായി കെയർ' എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധവത്കരണവും ചികിത്സക്കും പരിചരണത്തിനുമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരെഞ്ഞെടുത്ത ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി. മാസത്തിൽ 2,500 ഇന്ത്യൻ രൂപ വീതം ഒരു വർഷം 30,000 രൂപ നൽകുന്ന ഈ പദ്ധതിയിൽ ഐ സി എഫ് ഘടകങ്ങൾ മൂന്ന് കോടി രൂപ വിനിയോഗിക്കും.

സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഐസിഎഫ് ഒമാൻ നാഷനൽ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറൽ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, ഫിനാൻസ് സെക്രട്ടറി അഷ്റഫ് ഹാജി, ഓർഗനൈസേഷൻ പ്രസിഡന്റ് അഫ്സൽ എറിയാട്, ഓർഗനൈസേഷൻ സെക്രട്ടറി നിഷാദ് ഗുബ്ര, അസ്മിൻ സെക്രട്ടറി ജാഫർ ഓടത്തോട് എന്നിവർ പങ്കെടുത്തു.

TAGS :

Next Story