വീണ്ടും വൈകി എയർ ഇന്ത്യ എക്‌സ്പ്രസ്; മസ്‌കത്ത്-കോഴിക്കോട് വിമാനം പറന്നത് 9 മണിക്കൂർ വൈകി
ബോർഡിംഗ് പാസ് നൽകിയ ശേഷമാണ് സമയമാറ്റം അറിയിച്ചതെന്ന് യാത്രക്കാർ
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വൈകി പറക്കൽ തുടർക്കഥയാകുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം പറന്നത് രാത്രി 11.45ന്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.
ഒരു മണിക്ക് പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന് പുറപ്പെടുമെന്നും യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് രാത്രി 10.20ന് മാത്രമേ പുറപ്പെടാനാവൂ എന്ന് പിന്നീട് തിരുത്തിപ്പറയുകയായിരുന്നു. എന്നാൽ വീണ്ടും വൈകി 11.45നാണ് അവസാനം വിമാനം പുറപ്പെട്ടത്.
ബോർഡിംഗ് പാസ് നല്‍കിയ ശേഷമാണ് സമയമാറ്റം അറിയിച്ചതെന്ന് യാത്രക്കാരനായ തൃശൂർ സ്വദേശി കബീര്‍ പറഞ്ഞു. രണ്ടാഴ്ചത്തെ ലീവിൽ ചികിത്സാവശ്യാർഥം നാട്ടിലേക്ക് പുറപ്പെട്ട തനിക്ക് ഒരു ദിവസം വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തിര ആവശ്യങ്ങൾക്ക് പുറപ്പെട്ട മറ്റു നിരവധി പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്‍റെ വൈകൽ വലിയ ദുരിതമായെന്ന് മറ്റൊരു യാത്രക്കാരനായ മത്രയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഏഴര സ്വദേശി മഹ്റൂഫ് പറഞ്ഞു. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാനായി നാട്ടിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം.
Adjust Story Font
16