Quantcast

2024ൽ 11.5 മില്യൺ റിയാലിന്റെ വ്യാപാരം; വളർച്ചയുടെ പാതയിൽ ഷിനാസ് തുറമുഖം

കപ്പലുകളുടെ നീക്കത്തിൽ 41% വർധന

MediaOne Logo

Web Desk

  • Published:

    6 March 2025 10:57 AM

2024ൽ 11.5 മില്യൺ റിയാലിന്റെ വ്യാപാരം; വളർച്ചയുടെ പാതയിൽ ഷിനാസ് തുറമുഖം
X

മസ്‌കത്ത്: ഒമാനിലെ തന്ത്രപ്രധാന തുറമുഖങ്ങളിലൊന്നായ ഷിനാസ് തുറമുഖം കഴിഞ്ഞ വർഷം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കപ്പലുകളുടെയും ചരക്കുകളുടെയും കന്നുകാലികളുടെയും നീക്കത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും പ്രാദേശികവും അന്തർദേശീയവുമായ വ്യാപാരം വർധിപ്പിക്കുന്നതിലും തുറമുഖത്തിന്റെ സുപ്രധാന പങ്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം തുറമുഖം കൈകാര്യം ചെയ്ത കപ്പലുകളുടെ എണ്ണം 707 ആയി ഉയർന്നുവെന്ന് ഷിനാസ് തുറമുഖം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാതർ ബിൻ അലി അൽ മാമാരി പറഞ്ഞു. 2023നെ അപേക്ഷിച്ച് ഇത് 41% വർധനവാണ്. 1.15 കോടി ഒമാനി റിയാലിലധികം മൂല്യമുള്ള ഒരു ലക്ഷത്തിലധികം ടൺ ചരക്കുകളും തുറമുഖം കൈകാര്യം ചെയ്തു.

91,343 ടൺ ചരക്കുകളാണ് തുറമുഖം ഇറക്കുമതി ചെയ്തത്. ഇതിൽ 21,665.98 ടൺ നിർമ്മാണ സാമഗ്രികളും, 4,083.07 ടൺ ഭക്ഷ്യവസ്തുക്കളും, 4,273.68 ടൺ പൊതു ചരക്കുകളും ഉൾപ്പെടുന്നു. കൂടാതെ, 469 ടൺ ഭാരമുള്ള 15,815 കന്നുകാലികളെയും ഒട്ടകങ്ങളെയും തുറമുഖം സ്വീകരിച്ചു.

കയറ്റുമതിയുടെ കാര്യത്തിൽ, 11,676.12 ടൺ ചരക്കുകൾ തുറമുഖം കയറ്റി അയച്ചു. ഇതിൽ 461 ടൺ നിർമ്മാണ സാമഗ്രികളും, 33 ടൺ ഭക്ഷ്യവസ്തുക്കളും, 8,643 ടൺ പൊതു ചരക്കുകളും ഉൾപ്പെടുന്നു. 2,133 ടൺ കന്നുകാലികളെയും ഒട്ടകങ്ങളെയും കയറ്റി അയച്ചു. ഈ മികച്ച പ്രകടനം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെയും സേവനങ്ങളിലെയും വികസനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഖാതർ ബിൻ അലി അൽ മാമാരി കൂട്ടിച്ചേർത്തു.

TAGS :

Next Story