ദി സയൻസ് ടെക്‌നോളജി ആന്റ് ഇന്നവേഷൻ മെഗാ ഇവന്റ് 27 മുതൽ
സെപ്റ്റംബർ മൂന്നിന് സമാപന ദിവസം രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാം
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനായി ദി സയൻസ് ടെക്‌നോളജി ആന്റ് ഇന്നവേഷൻ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. കണക്ക്, ശാസ്ത്രം, വിവര സാങ്കേതികത എന്നീ മേഖലകളിൽ വിദ്യാർഥികളുടെ നൂതന ആശയങ്ങൾ പങ്കുവെക്കാനും പ്രദർശിപ്പിക്കാനും മെഗാ ഇവന്റ് അവസരമൊരുക്കും.
ഈമാസം 27 മുതൽ ഒമാനിലെ ദാർസൈത് ഇന്ത്യൻ സ്‌കൂളിലാണ് മെഗാ ഇവന്റ് നടക്കുന്നത്. ഇതുവരെ 18 സ്‌കൂളുകളിൽനിന്നായി 400 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊബൈൽ ആപ്പ് ഡവലപ്‌മെന്റ്, ഡിജിറ്റൽ സിമ്പോസിയം, ഗണിത-ശാസ്ത്ര പ്രദർശനം, സയൻസ് സ്‌കിറ്റ്, ഇ-മാഗസിൻ തുടങ്ങിയ വിഭാഗങ്ങളിൽ ഇവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും.
ജൂനിയർ വിഭാഗത്തിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളും സീനിയർ വിഭാഗത്തിൽ ഒമ്പത് മുതൽ 12ാം ക്ലാസ് വരെയുള്ളവരുമാണ് പങ്കെടുക്കുക. 27ന് നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. അലി സഊദ് അൽ ബിമാനി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ മൂന്നിനാണ് സമാപനം.
അന്ന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാമെന്ന് പരിപാടികൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂൾസ് ഡയരക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. വൈസ് ചെയർമാൻ സെയ്ദ് സൽമാൻ, ഫിനാൻസ് ഡയരക്ടർ അശ്വിനി സവ്രിക്കർ, അക്കാദമിക് ചെയർ സിറാജീദ്ദീൻ നെലാട്ട്, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോബ എം.പി, ദാർസൈത് ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ അജിത് വാസുദേവൻ, പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16