കാലാവസ്ഥ അനുകൂലമായില്ല; ദുഖ്മ് 1 ന്റെ വിക്ഷേപണം മാറ്റി
റോക്കറ്റിന്റെ വലിപ്പത്തിനും വേഗതയ്ക്കും നിലവിലെ കാറ്റിന്റെ വേഗത അനുകൂലമല്ലെന്ന് കണ്ടെത്തിയാണ് വിക്ഷേപണം മാറ്റിയത്
മസ്‌കത്ത്: ഇന്ന് നടത്താനിരുന്ന ഒമാന്റെ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണം കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ മാറ്റിവച്ചു. ഇത്‌ലാഖ് സ്‌പേസ് പോർട്ടിൽ നിന്ന് ഇന്ന് കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ച ദുഖ്മ് 1 ന്റെ വിക്ഷേപണമാണ് മാറ്റിവച്ചത്. റോക്കറ്റിന്റെ വലിപ്പത്തിനും വേഗതയ്ക്കും നിലവിലെ കാറ്റിന്റെ വേഗത അനുകൂലമല്ലെന്ന് കണ്ടെത്തിയാണ് വിക്ഷേപണം മാറ്റിയത്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒമാന്റെ പരീക്ഷണാത്മക ശാസ്ത്ര റോക്കറ്റിന്റെ വിക്ഷേപണം മാറ്റിവെക്കുന്നതെന്ന അറിയിപ്പ് അവസാന നിമിഷത്തിലാണ് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പുറത്തുവിട്ടത്. റോക്കറ്റിന്റെ വലിപ്പത്തിനും വേഗതയ്ക്കും നിലവിലെ കാറ്റിന്റെ വേഗത അനുകൂലമല്ലെന്ന് കണ്ടെത്തിയാണ് വിക്ഷേപണം മാറ്റിയത്. സുരക്ഷയ്ക്കും കൃത്യതയ്ക്കും മുൻഗണന നൽകി, അനുയോജ്യമായ സാഹചര്യം ഒരുങ്ങുന്ന ഘട്ടത്തിൽ വിക്ഷേപണം നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പുതിയ സമയം പുറത്തുവിട്ടിട്ടില്ല. പരീക്ഷണ ദൗത്യത്തിന്റെ നേരിട്ടുള്ള മാധ്യമ കവറേജ് ഉണ്ടാകില്ലെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
123 കിലോഗ്രാം ഭാരമുള്ളതാണ് ബഹിരാകാശ അതിർത്തി കടന്ന് സമുദ്രനിരപ്പിൽ നിന്ന് 140 കിലോമീറ്റർ ഉയരത്തിൽ എത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള റോക്കറ്റ്. 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ/വേഗതയിൽ ഉയരും. 2025 ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ബഹിരാകാശ പ്രവർത്തനത്തിൽ ഒമാന്റെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രാദേശികവൽക്കരിക്കുക, നിക്ഷേപം ആകർഷിക്കുക, തുടങ്ങിയവയും പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്.
Adjust Story Font
16