സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃത മാർക്കറ്റിങ്; നടപടിയുമായി അധികൃതർ
ഒമാനിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ, മാർക്കറ്റിങ്, പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലൈസൻസ് നേടേണ്ടതാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോതസാഹന മന്ത്രാലയം അറിയിച്ചു.
നിരവധിപേർ അനധികൃത പ്രൊമോഷനൽ, മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തുന്നതായി അധികൃതർ അടുത്തിടെ കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്.
ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള ലൈസൻസ് കാലയളവ് തിരഞ്ഞെടുക്കാം. വ്യവസ്ഥകൾ ലംഘിച്ചാൽ, 1000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ, ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക, ലൈസൻസ് പൂർണമായി റദ്ദാക്കുക തുടങ്ങിയ കാര്യങ്ങൾക്കും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടാകും. ചാരിറ്റി അല്ലെങ്കിൽ സന്നദ്ധ സേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്‍റെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല.
Adjust Story Font
16