ഉച്ചവിശ്രമ നിയമലംഘനം: മസ്‌കത്തിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് തൊഴിൽ മന്ത്രാലയം
നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു
മസ്‌കത്തിൽ ഉച്ചവിശ്രമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 49 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു.
മസ്‌കത്തിൽ തൊഴിൽ മന്ത്രാലയം അധികൃതർ 143 ഫീൽഡ് സന്ദർശനങ്ങളും തൊഴിലുടമകൾക്കും ജീവനക്കാർക്കുമായി 72 ബോധവൽക്കരണ സെഷനുകളും നടത്തി. മുസന്ദത്ത് നടത്തിയ 45 ഫീൽഡ് സന്ദർശനത്തിൽ 15 കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം പിഴ ചുമത്തി.ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യഹാന അവധി നൽകുന്നത്. ഉച്ചവിശ്രമം നിയമം ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 500റിയാലിൽ കുറയാത്തതും 1000റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്.
Adjust Story Font
16