വേജ് പ്രൊട്ടക്ഷൻ സിസ്റ്റം: ജീവനക്കാരുടെ ശമ്പളം കൈമാറാത്ത കമ്പനികൾക്ക് മുന്നറിയിപ്പുമായി ഒമാന്‍ തൊഴിൽ മന്ത്രാലയം
നിരവധി സ്വകാര്യ മേഖലയിലെ കമ്പനികൾ ജീവനക്കാരുടെ ശമ്പളം മാസങ്ങളോളം വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
മസ്കത്ത്: ഒമാനിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം കൈമാറാത്ത കമ്പനികൾക്ക് മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. നിരവധി സ്വകാര്യ മേഖലയിലെ കമ്പനികൾ ജീവനക്കാരുടെ ശമ്പളം മാസങ്ങളോളം വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒമാനിൽ ബാങ്കുകൾ വഴിയോ , ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം.
തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് 24,000 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 13,000 പരാതികളും വേതനവുമായി ബന്ധപ്പെട്ടായിരുന്നു. ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍ പ്രതിമാസം പിഴ ചുമത്തും. നിയമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം.തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോമാസവും പിഴ ഇരട്ടിയാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16