ഒമാനിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി
മാർച്ച് അവസാനത്തോടെ ആരംഭിച്ച വിളവെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിലും തുടരും

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പിന്തുണയും കാരണം ഈ വർഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദഖിലിയ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിലാണ് വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ സീസണിൽ ഉയർന്ന ഉൽപ്പാദനക്ഷമതയും ധാന്യ ഗുണനിലവാരവും പ്രകടമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദോഫാർ ഗവർണറേറ്റിലെ നജ്ദ് മേഖല, വിപുലമായ കൃഷിഭൂമിയും ഭൂഗർഭജല ശേഖരവും കാരണം ഭാവിയിലെ ഗോതമ്പ് കൃഷിയുടെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്.
ഗോതമ്പ് കൃഷിയുടെ ആകെ വിസ്തൃതി 6359 ഏക്കറിലേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 160 ശതമാനത്തിൻറെ വർധനവാണ് രേഖപ്പെടുത്തിയത്. കർഷകരുടെ എണ്ണത്തിൽ 24 ശതമാനം വളർച്ചയും ഉണ്ടായി. സുൽത്താനേറ്റിലെ മൊത്തം ഗോതമ്പ് കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ 80 ശതമാനവും ദോഫാർ ഗവർണേററ്റിലാണ്. 5,112 ഏക്കറിലായിരുന്നു ഇവിടെ കൃഷിനടത്തിയത്. വിളവെടുപ്പിലും ഒന്നാം സ്ഥനത്തെത്തയത് ദോഫാറായിരുന്നു. 5,940 ടൺ ആണ് ഇവിടുത്തെ ഗോതമ്പ് ഉൽപ്പാദനം. ദാഖിലിയയാണ് രണ്ടാം സ്ഥാനത്ത്. 779 ഏക്കറിലാണ് ഗോതമ്പ് കൃഷി ചെയ്തത്.
കാർഷിക, മത്സ്യബന്ധന വികസന ഫണ്ടിന്റെ പിന്തുണയോടെ നിരവധി പുതിയ ഗോതമ്പ് കൊത്തു യന്ത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുമായുള്ള സഹകരണവും മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒമാൻ ഫ്‌ലോർ മിൽസ് കമ്പനിയുമായുള്ള സഹകരണത്തിലൂടെയുള്ള സമീപകാല ധാരണാപത്രം പ്രകാരം, ടണ്ണിന് 500 റിയാൽ നിരക്കിൽ കർഷകരിൽ നിന്ന് പ്രാദേശികമായി വളർത്തുന്ന ഗോതമ്പ് കമ്പനി വാങ്ങും. ഈ കരാർ കർഷകർക്ക് പ്രോത്സാഹനവും ദേശീയ ഗോതമ്പ് ഉൽപാദനം വർധിപ്പിക്കാൻ സഹായകമാകുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.
Adjust Story Font
16