Quantcast

ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേള 'ലോഗോസ് ഹോപ്പ്' സലാല തീരത്ത്

MediaOne Logo

Web Desk

  • Published:

    31 July 2023 9:01 PM GMT

Logos Hope on the shores of Salalah
X

വായനയുടെ പുത്തൻ അനുഭവം പകർന്ന് ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിക്കുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ സലാല തുറമുഖത്തെത്തി. കപ്പലിന് ഈഷ്മളവരവേൽപ്പാണ് വായന പ്രേമികൾ നൽകിയത്.

ആഗസ്ത് രണ്ട് വരെ സലാലയില്‍ പ്രദര്‍ശനം തുടരും. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സഈദ് പുസ്തക മേള സന്ദര്‍ശിച്ചു. 11 ദിവസങ്ങളിലായി മസ്‌കത്ത് തുറമുഖത്ത് നടത്തിയ പ്രദർശനത്തിന് ശേഷമാണ് സലാലയിലെത്തിയിരിക്കുന്നത്.

500 ബൈസയാണ് പ്രവേശന നിരക്ക്. വൈകുന്നേരം നാല് മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകരെ അനുവദിക്കും. രാത്രി 9.30ന് ടിക്കറ്റ് വില്‍പന അവസാനിപ്പിക്കും. സ്വദേശികളും പ്രവാസികളുമായ നൂറു കണക്കിനാളുകള്‍ ഇതിനകം കപ്പല്‍ സന്ദര്‍ശിച്ചു.

മസ്കത്തിൽ പുസ്ക പ്രദർശനം കാണാൻ സ്വദേശികളും കുട്ടികളുമുൾപ്പെടെ ആയിരകണക്കിന് ആളുകളാണ് എത്തിയത്. വിവിധ സാംസ്കാരിക കലാപരിപാടികളും കപ്പലിൽ സംഘടിപ്പിച്ചിരുന്നു. ‘ലോഗോസ് ഹോപ്’ കപ്പൽ മൂന്നാം തവണയാണ് ഒമാനിലെത്തുന്നത്.

5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം.

റൊമാനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.

2005ൽ കപ്പൽ കമ്മീഷൻ ചെയ്തതു മുതൽ, 140,283നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ്പ് സന്ദർശിച്ചതായാണ് കണക്ക്.10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു. ഏപ്രിൽ പത്ത് മുതൽ റാസൽഖൈമയിൽ നിന്നാണ് കപ്പൽ മേഖലയിലെ പ്രയാണം ആരംഭിച്ചത്

ജീവനക്കാർ മുഴുവൻ ശമ്പളമില്ലാതെ സന്നദ്ധ സേവകരായാണ് സേവനം അനുഷ്ഠിക്കുന്നത്. നാവികർ, എൻജിനിയർമാർ, ഇലക്ട്രിഷ്യൻമാർ, നഴ്സുമാർ, അധ്യാപകർ, പാചകക്കാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

സുഹൃത്തുക്കൾ, കുടുംബാഗങ്ങൾ, പൊതുജന സംഘടനകൾ എന്നിവരിൽനിന്ന് സ്പോൺസർ ഷിപ്പ് സ്വീകരിച്ചാണ് ഇവർ കപ്പലിൽ സേവനം ചെയ്യുന്നത്. ലോകത്തിലെ 140 തുറമുഖങ്ങൾ കപ്പൽ സന്ദർശിച്ചിരുന്നു. ലോഗോസ് ഹോപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സലാലയില്‍ എത്തിയിരുന്നു.

TAGS :

Next Story