പെഗസസ്; ഇസ്രായേലിനെതിരെ ഫ്രാൻസും മറ്റു രാജ്യങ്ങളും
പെഗസസ് ചാര സോഫ്റ്റ്വെയർ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തിന് പുതിയ കുരുക്കായി മാറുകയാണ്
പെഗസസ് ചാര സോഫ്റ്റ്വെയറിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇസ്രയേൽ പുറത്തു വിടണമെന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും വിഷയത്തിൽ ഇസ്രായേലിനോട് വിശദീകരണം തേടി. പെഗസസിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്.
പെഗസസ് ചാര സോഫ്റ്റ്വെയർ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തിന് പുതിയ കുരുക്കായി മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബ്രിട്ടനാണ്. ഇസ്രായേലുമായി രാഷ്ട്രീയമായും സൈനികമായും ചേർന്നു നിൽക്കുന്ന രാജ്യങ്ങളും കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.
അടിയന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ വേണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെനറ്റിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പെഗസസ് വിഷയം ഗൗരവത്തിലെടുക്കണമെന്നും ഏതൊക്കെ രാജ്യങ്ങൾക്ക് കമ്പനി സോഫ്റ്റ്വെയർ കൈമാറിയെന്ന് കണ്ടെത്തണമെന്നും ഇസ്രയേലിനോട് മാക്രോൺ ആവശ്യപ്പെട്ടു.
എന്നാൽ താൻ അധികാരത്തിൽ വരുന്നതിനു മുമ്പുള്ള കാര്യമാണിതെന്ന വാദമാണ് നാഫ്തലി ബെന്നറ്റ് ഉയർത്തുന്നത്. ആംനസ്റ്റി ഇന്‍റര്‍നാഷനലിന് പുറമെ അമേരിക്ക ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളിലെ പൗരാവകാശ കൂട്ടായ്മകളും ഇസ്രായേലിനെതിരെ ശക്തമായി രംഗത്തുണ്ട്. പെഗസസ് സോഫ്റ്റ്വെയർ ഉപയോഗത്തെ കുറിച്ച് യു.എൻ നേരിട്ടു തന്നെ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പാകിസ്താന്‍റെ ആവശ്യം. അതേ സമയം പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചതായ വാർത്തകൾ സൗദി അറേബ്യയും യു.എ.ഇയും നിഷേധിച്ചു.
Adjust Story Font
16