വിഷ്ണുവിന്റെ മരണം അടിയേറ്റല്ല; വിശദീകരണവുമായി ഷാർജ പൊലീസ്
സംഘർഷത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നുവെന്ന് പൊലീസ്
ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇടുക്കി സ്വദേശി വിഷ്ണുവിന്റെ മരണം അടിയേറ്റല്ലെന്ന് ഷാർജ പൊലീസിന്റെ വിശദീകരണം. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽനിന്ന് വീണാണ് വിഷ്ണു മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബൂഷഗാറയിലെ താമസസ്ഥലത്ത് ഇടുക്കി കരണാപുരം സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. ആഫ്രിക്കൻ സ്വദേശികളുടെ അടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, വിഷ്ണു സംഘട്ടനത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് ഷാർജ പൊലീസ് വ്യക്തമാക്കുന്നത്. ബാർബർ ഷോപ്പ് ജീവനക്കാരനായ വിഷ്ണുവിന് ചൊവ്വാഴ്ച അവധിയായിരുന്നു. ഈ സമയം ഇതേ കെട്ടിടത്തിലെ താമസക്കാരായ ആഫ്രിക്കൻ സ്വദേശികൾ തമ്മിൽ സംഘട്ടനമുണ്ടായി. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാൽക്കണിവഴി രക്ഷപ്പെടാൻ ശ്രമിക്കവെ താഴെ വീണാണ് 29കാരൻ മരിച്ചത്.
വീഴ്ചയിലുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു. മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസിൽ ഉൾപ്പെട്ട ആഫ്രിക്കൻ സ്വദേശികളിൽ ചിലർ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Adjust Story Font
16