ജി.സി.സി - ഇറാൻ ഉച്ചകോടിക്ക് സാധ്യത; ചൈന മുൻകൈയെടുക്കുമെന്ന് റിപ്പോർട്ട്
ഗൾഫ് മേഖലയുടെ സുരക്ഷക്കും പുരോഗതിക്കും ജി.സി.സി - ഇറാൻ സൗഹൃദം ഗുണം ചെയ്യുമെന്നാണ് ചൈനയുടെ വിലയിരുത്തൽ
തെഹ്റാന്‍: ജി.സി.സി, ഇറാൻ ഉച്ചകോടിക്ക് ചൈന മുൻകൈയെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയുടെ സുരക്ഷക്കും പുരോഗതിക്കും ജി.സി.സി - ഇറാൻ സൗഹൃദം ഗുണം ചെയ്യുമെന്നാണ് ചൈനയുടെ വിലയിരുത്തൽ. ഗൾഫിൽ അമേരിക്കൻ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള ചൈനയുടെ തന്ത്രപരമായ ചുവടുവെപ്പായി ഇതിനെ കാണുന്നവരുമുണ്ട്. ഗൾഫ്, ഇറാൻ ഉച്ചകോടി ഈ വർഷം തന്നെ ചൈന മുൻകൈയെടുത്ത് നടത്തുമെന്ന് വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്.
രണ്ടു മാസത്തിനുളളിൽ എംബസികൾ പുനഃസ്ഥാപിക്കാനാണ് ഇറാൻ, സൗദി ധാരണ. ഇത് യാഥാർഥ്യമാകുന്നതോടെ ജി.സി.സി, ഇറാൻ ഉച്ചകോടിക്ക് മുന്നൊരുക്കം നടക്കുമെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഉച്ചകോടിക്ക് വേദിയാവുകയെന്നും വാർത്തയുണ്ട്. എന്നാൽ ഔദ്യോഗികമായി ഇതു സംബന്ധിച്ച് ജി.സി.സി, ഇറാൻ നേതൃത്വം പ്രതികരിച്ചിട്ടില്ല.
ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ അടുത്ത സൗഹൃദമാണ് ചെന ഇടക്കാലത്ത് രൂപപ്പെടുത്തിയത്. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കിയതും ചൈനയുടെ വിജയമാണ്.
അമേരിക്കക്കും ഇസ്രായേലിനും ലഭിച്ച കനത്ത രാഷ്ട്രീയ പ്രഹരം കൂടിയാണ് ഇറാൻ, സൗദി സഹകരണം. വ്യാപാര മേഖലയിലാണ് ഗൾഫിനെ ഇത്രയും കാലം ചൈന പ്രധാനമായും പരിഗണിച്ചത്. എന്നാൽ മേഖലയിൽ രാഷ്ട്രീയ സ്വാധീനം വികസിപ്പിക്കാനുള്ള പുതിയ നീക്കം അമേരിക്കക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഗൾഫിലും പുറത്തും ഇറാൻവിരുദ്ധ വികാരം പടർത്തി രാഷ്ട്രീയലക്ഷ്യം നേടാനുള്ള ഇസ്രായേൽ തന്ത്രത്തിനും വലിയ തിരിച്ചടിയാണ് പുതിയ നീക്കങ്ങൾ.
Adjust Story Font
16