ഹജ്ജിന് ഒരുങ്ങി ഹജ്ജ് മിഷൻ; വനിതാ തീർഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങൾ
ഇന്ത്യൻ അംബാസിഡർ മക്കയിലും മദീനയിലുമെത്തി തീർഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തി
ജിദ്ദ: കോവിഡിന് ശേഷമുള്ള ആദ്യത്തെ സമ്പൂർണ ഹജ്ജിനായി ഇന്ത്യൻ ഹജ്ജ് മിഷൻ സജ്ജമായി. ഒന്നേ മുക്കാൽ ലക്ഷം ഹാജിമാർക്കായി മക്കയിൽ ഹജ്ജ് മിഷൻ്റെ സേവനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസിഡർ മക്കയിലും മദീനയിലുമെത്തി തീർഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തി.
ഇന്ത്യൻ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിട്ടുള്ളത്. ഏകദേശം ഒന്നേമുക്കാൽ ലക്ഷം തീർഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നുമെത്തുക. അതിൽ 1,40,000 പേർ സർക്കാർ ക്വാട്ടയിൽ ഇന്ത്യൻ ഹജ്ജ് കമ്മറ്റി വഴിയും, മുപ്പതിനായിരത്തിലേറെ പേർ സ്വകാര്യ ഗ്രൂപ്പ് വഴിയും എത്തും. ഇവരിൽ 47,000 ത്തിലധികം പേർ 60 വയസും അതിന് മുകളിലുമുള്ളവരാണ്. ഇവരെ സഹായിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരുണ്ടാകും. വീൽചെയറുകളുൾപ്പെടെയുള്ള ഉപകരണങ്ങളും മെച്ചപ്പെട്ട വൈദ്യ സഹായവും ഇവർക്ക് ലഭിക്കും.
ഹാജിമാർക്ക് ആതുര സേവനം നൽകുന്നതിനായി മക്കയിൽ ഹജ്ജ് മിഷന് കീഴിൽ 40 കിടക്കകളുള്ള ഒരു ആശുപത്രിയും, 30 ഉം 20 ഉം വീതം കിടക്കകളുള്ള മറ്റ് രണ്ട് ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ബ്രാഞ്ച് ഓഫീസുകൾക്കൊപ്പം ഏകദേശം 17 ഡിസ്പെൻസറികളും പ്രവർത്തന സജ്ജമായി. അസീസിയയിലാണ് ഇന്ത്യൻ തീർഥാടകരുടെ താമസം. അവിടെ നിന്നും ഹറമിലേക്കും തിരിച്ചും മുഴു സമയവും വാഹന സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മെഹറം അഥവാ ബന്ധുക്കളായ പുരുഷന്മാരില്ലാതെ എത്തുന്ന വനിതാ തീർഥാടകരാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയിൽ നിന്നും നാലായിരത്തോളം വനിതാ തീർഥാടകർ മെഹറമില്ലാതെ എത്തും. ഇവർക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. ജൂൺ 5-6 തീയതികളിൽ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.സുഹെൽ അജാസ് ഖാൻ മദീനയിലും മക്കയിലുംമെത്തി തീർഥാടകർക്കുള്ള സൌകര്യങ്ങൾ വിലയിരുത്തി. തീർഥാടകർ നേരിടുന്ന പരാതികളും പ്രശ്‌നങ്ങളും ഉടനടി പരിഹരിക്കാൻ അംബാസഡർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Adjust Story Font
16