'അത് വംശീയതയും ഇരട്ടത്താപ്പും'; ജര്‍മനിയുടെ വിമര്‍ശനങ്ങള്‍ക്ക് കനത്ത മറുപടി നല്‍കി ഖത്തര്‍
'ജര്‍മനിക്ക് ഖത്തറിന്റെ പ്രകൃതിവാതകം വേണം, നിക്ഷേപം വേണം, അഫ്ഗാനിസ്താനില്‍ നിന്ന് പൗരന്മാരെ സുരക്ഷിതരായി എത്തിക്കാന്‍ സഹായം വേണം'.
ദോഹ: ജര്‍മനിയുടെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഖത്തറിനെതിരായ യൂറോപ്യന്‍ ആരോപണങ്ങള്‍ വംശീയതയാണെന്നും ഊര്‍ജത്തിനും നിക്ഷേപത്തിനും ഖത്തറിനെ ആശ്രയിക്കുന്ന ജര്‍മനിയുടേത് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഖത്തറിന് ഫുട്ബോള്‍ പാരമ്പര്യമില്ലെന്നാണ് യൂറോപ്പില്‍ നിന്നുള്ള വിമര്‍ശനം. ഫുട്ബോള്‍ ഏതെങ്കിലും ആരുടെയെങ്കിലും എക്സ്ക്ലൂസീവ് കായിക ഇനമാണോ?. ലിബറല്‍ ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഈ പറയുന്നത് എന്നതാണ് വിരോധാഭാസം. ഇത് തീര്‍ത്തും അഹങ്കാരവും വംശീയതയുമാണ്- അദ്ദേഹം തുറന്നടിച്ചു.
ജര്‍മനിക്ക് ഖത്തറിന്റെ പ്രകൃതിവാതകം വേണം, നിക്ഷേപം വേണം, അഫ്ഗാനിസ്താനില്‍ നിന്ന് പൗരന്മാരെ സുരക്ഷിതരായി എത്തിക്കാന്‍ സഹായം വേണം. ഇക്കാര്യത്തിലെല്ലാം ജര്‍മന്‍ സര്‍ക്കാര്‍ ഖത്തറുമായി ചേര്‍ന്ന് നില്‍ക്കുന്നു. പക്ഷെ ലോകകപ്പിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ജര്‍മന്‍ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ജര്‍മനിയിലെ രാഷട്രീയ നേതൃത്വം.
ഇത്തരം ഇരട്ടത്താപ്പുകള്‍ ഞങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഞങ്ങള്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മന്‍ നേതൃത്വം രാജ്യത്തു നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസറുടെ ആരോപണങ്ങളാണ് ഖത്തറിനെ ചൊടിപ്പിച്ചത്.
Adjust Story Font
16