17 എൽ.എൻ.ജി കപ്പലുകൾ നിർമിക്കും; കപ്പൽ നിർമാണത്തിന് വൻ കരാറുമായി ഖത്തർ
കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായാണ് ഖത്തർ കരാർ ഒപ്പുവെച്ചത്
ദോഹ: പ്രകൃതിവാതക നീക്കത്തിനുള്ള കപ്പൽ നിർമാണത്തിന് വൻ കരാറുമായി ഖത്തർ. 32,000 കോടിരൂപയ്ക്ക് കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായാണ് ഖത്തർ കരാർ ഒപ്പുവെച്ചത്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ വെച്ച് ഖത്തർ ഊർജ സഹമന്ത്രി സഅദ് അൽകഅബിയാണ് കൊറിയൻ കമ്പനിയുമായി കരാർ ഒപ്പുവെച്ചത്.
14.2 ബില്യൺ ഖത്തർ റിയാൽ അതായത് 32000 കോടിയിലേറെ രൂപയ്ക്ക് 17 എൽ.എൻ.ജി കപ്പലുകളാണ് ഖത്തറിന് ലഭിക്കുക.രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ നോർത്തി ഫീൽഡ് പ്രൊജക്ട് പൂർത്തിയാകുമ്പോൾ കൂടുതൽ കപ്പലുകൾ ആവശ്യമായി വരും. പ്രൊജക്ടിൽ നിന്നുള്ള എൽ.എൻ.ജി വിൽപ്പന ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം പഴയ കപ്പലുകൾ മാറ്റുന്നതും ഖത്തറിന്റെ പരിഗണനയിലുണ്ട്. ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായുള്ള കരാറോടെ ഖത്തർ എനർജിയും പങ്കാളികളും വാങ്ങുന്ന പുതിയ കപ്പലുകളുടെ എണ്ണം 77 ആയി.
Adjust Story Font
16