ഖത്തറിലെ പൊതുജന സേവന ആപ്ലിക്കേഷനായ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി
പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചാണ് ആപ്ലിക്കേഷൻ പരിഷ്‌കരിച്ചത്
ദോഹ: ഖത്തറിലെ പൊതുജന സേവന ആപ്ലിക്കേഷനായ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചാണ് ആപ്ലിക്കേഷൻ പരിഷ്‌കരിച്ചത്. രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നതിനിടെയാണ് പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉപഭോക്തൃ സൗഹൃമായ മെട്രാഷിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത്. ആപ്പ് ഇന്നലെ മുതൽ ലഭ്യമായി തുടങ്ങി.
നിലവിലെ മെട്രാഷ് 2 ആപ്പിൽ നിന്നും കാഴ്ചയിലും നിറത്തിലും പുതിയ പതിപ്പിന് മാറ്റങ്ങളുണ്ട്. ഗൂഗ്ൾ പ്ലേ, ആപ്പ് സ്റ്റോറുകളിൽ നിന്നും 'METRASH' കീ വേഡിൽ സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച ക്യൂ.ആർ കോഡ് സ്‌കാൻചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഡൗൺലോഡ് ചെയ്ത ശേഷം ക്യൂ.ഐ.ഡിയും നിലവിലെ മെട്രാഷ് 2 ആപ്പിൽ ഉപയോഗിക്കുന്ന പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിൽ സേവനം ലഭ്യമാണ്.
ട്രാഫിക്, ലൈസൻസ്, വിവിധ ഫീസുകൾ, റെസിഡൻസി, ഇലക്ട്രോണിക് പോർട്ടൽ, അന്വേഷണങ്ങൾ, സെക്യൂരിറ്റി, വിസ, ട്രാവൽ, സർട്ടിഫിക്കറ്റ്, നാഷണൽ അഡ്രസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 330ലേറെ സേവനങ്ങളാണ് മെട്രാഷ് വഴി ലഭ്യമാക്കുന്നത്. കഴിഞ്ഞ മാസം മികച്ച സർക്കാർ സേവന ആപ്ലിക്കേഷനുള്ള സ്മാർട്ട് അറബ് ഗവൺമെന്റ് പുരസ്‌കാരം മെട്രാഷിന് ലഭിച്ചിരുന്നു.
Adjust Story Font
16