താലിബാന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഖത്തര്‍, അഫ്ഗാന്‍ ക്രിക്കറ്റ് ടീം ദോഹയില്‍
ടി ട്വന്‍റി ലോകകപ്പ് പരിശീലനത്തിനായാണ് അഫ്ഗാന്‍ ടീം ഖത്തറിലെത്തിയത്.
- Updated:
2021-10-06 19:26:07.0
അഫ്ഗാനില്‍ നിന്നുള്ള ഖത്തറിന്‍റെ ആറാമത്തെയും ഏറ്റവും കൂടുതല്‍ യാത്രക്കാരുള്‍പ്പെട്ടതുമായ വിമാനം കാബൂളില്‍ നിന്നും ദോഹയിലെത്തിച്ചേര്‍ന്നു. അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങളും മാധ്യമപ്രവര‍്ത്തകരും ഉള്‍പ്പെടെ മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വരുന്ന ടി ട്വന്‍റി ലോകകപ്പിന് തയ്യാറെടുക്കുന്നതിനായുള്ള പരിശീലത്തിനായാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം ദോഹയിലെത്തിയത്. പരിശീലനത്തിനായുള്ള സൌകര്യം അനുവദിക്കണമെന്ന അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര‍്ത്ഥന ഖത്തര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന‍്സ്, സ്വീഡന്‍, ഇറ്റലി, കാനഡ ജപ്പാന്‍, ബെല്‍ജിയം, അയര്‍ലണ്ട്, , ഫിന്‍ലണ്ട് തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാരും വിമാനത്തിലുണ്ടായിരുന്നു. ദോഹയില്‍ നിന്നും ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും.
ആഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയ ശേഷം ദേശീയ ക്രിക്കറ്റ് ടീമിൻെറ ആദ്യ വിദേശ യാത്രയാണിത്. കാബൂളിൽ നിന്നും ടീം യാത്ര പുറപ്പെടും മുമ്പള്ള ചിത്രങ്ങൾ അഫ്ഗാൻ ദേശീയ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വനിതാ കായിക ഇനങ്ങളോടുള്ള താലിബാൻ ഭരണകൂടത്തിൻെറ നിഷേധാത്മക സമീപനത്തെ തുടർന്ന് പുരുഷ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നിന്നും അടുത്തിടെയാണ് ആസ്ട്രേലിയ പിൻവാങ്ങിയത്. വനിതാ സ്പോർട്സിന് അനുവാദം നൽകാൻ രാജ്യാന്തര തലത്തിൽ സമ്മർദം ശക്തമാവുന്നതിനിടെയാണ് അഫ്ഗാൻ ദേശീയ ടീം ലോകകപ്പിനായി പുറപ്പെട്ടത്.
ടീമിലെ മുൻനിര താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർറഹ്മാൻ എന്നിവർ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്കൊപ്പം ദുബൈയിലാണുള്ളത്. ലോകകപ്പ് സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടിയ അഫ്ഗാനിസ്താൻ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ ടീമുകൾക്കൊപ്പമാണ് മത്സരിക്കുന്നത്. ഒക്ടോബർ 25നാണ് ആദ്യ മത്സരം. ദോഹയിൽ പരിശീലനം ആരംഭിക്കുന്ന ടീം അംഗങ്ങൾ, വൈകാതെ ദുബൈയിലേക്ക് പുറപ്പെടും. ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പായി വാം അപ്പ് മത്സരങ്ങളും കളിക്കുന്നുണ്ട്.
Adjust Story Font
16