സ്‌കൈട്രാക്‌സിന്റെ 'എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരം ഖത്തർ എയർവേയ്‌സിന്
എയർ ലൈൻ ഓഫ് ദ ഇയർ പുരസ്‌കാരത്തിന് പുറമെ ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്, ബെസ്റ്റ് എയർലൈൻ ഇൻ മിഡിലീസ്റ്റ് എന്നീ പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി.
ദോഹ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈട്രാക്‌സിന്റെ 'എയർലൈൻ ഓഫ് ദി ഇയർ'പുരസ്‌കാരം ഖത്തർ എയർവേയ്‌സിന്. 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയർലൈൻസ് എന്ന അംഗീകാരം ഖത്തർ എയർവേസിനെ തേടിയെത്തുന്നത്.
എയർ ലൈൻ ഓഫ് ദ ഇയർ പുരസ്‌കാരത്തിന് പുറമെ ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്, ബെസ്റ്റ് എയർലൈൻ ഇൻ മിഡിലീസ്റ്റ് എന്നീ പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. 2011, 2012, 2015, 2017, 2019, 2021 വർഷങ്ങളിലും എയർലൈൻ ഓഫ് ദി ഇയർ അവാർഡ് ഖത്തർ എയർവേയ്‌സിനെ തേടിയെത്തിയിരുന്നു. ഖത്തർ എയർവേയ്‌സിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയും കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്‌സ് അവാർഡ് ഹമദ് വിമാനത്താവളത്തിന് ലഭിക്കുന്നത്.
ഖത്തർ എയർവേയ്‌സിന്റെ പ്രീമിയം ക്യാബിനായ ക്യൂസ്യൂട്ട് തുടർച്ചയായ ആറാം വർഷവമാണ് മികച്ച ബിസിനസ് ക്ലാസ് പുരസ്‌കാരം വാങ്ങുന്നത്. ലോകത്തിലെ മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സിനെ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും ഏഴാം തവണയും സ്‌കൈട്രാക്‌സ് അവാർഡ് ലഭിച്ചതിന് പിന്നിലും മറ്റു മൂന്ന് അവാർഡുകൾ കൂടി കരസ്ഥമാക്കിയതിലും ജീവനക്കാരുടെ കഠിന പ്രയത്‌നങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
Adjust Story Font
16