ലോകകപ്പ് കാണാനെത്തുന്ന മിഡിലീസ്റ്റ് ആരാധകര്‍ക്കായി വിമാന കമ്പനികളുടെ ഷട്ടില്‍ സര്‍വീസ്
ഖത്തറില്‍ താമസം ബുക്ക് ചെയ്യാതെ തന്നെ 24 മണിക്കൂറിനകം കളി കണ്ട് തിരിച്ചുപോകാമെന്നതാണ് ഷട്ടില്‍ സര്‍വീസിന്‍റെ പ്രത്യേകത
ദോഹ: ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്ന മിഡിലീസ്റ്റ് ആരാധകര്‍ക്കായി വിമാന കമ്പനികളുടെ ഷട്ടില്‍ സര്‍വീസ്. അഞ്ച് നഗരങ്ങളില്‍ നിന്നാണ് ഷട്ടില്‍ സര്‍വീസ് നടത്തുക. ഈ സംവിധാനം ഉപയോഗിച്ച് ആരാധകര്‍ക്ക് താമസം ബുക്ക് ചെയ്യാതെ ഒരു ദിവസം കൊണ്ട് കളികണ്ട് തിരിച്ചുപോകാം. മിഡിലീസ്റ്റിലെ കളിയാസ്വാദകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സേവനമാണ് ഖത്തര്‍ എയര്‍വേസ് അടക്കമുള്ള വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ, മസ്കറ്റ്, കുവൈത്ത് സിറ്റി, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് ആരാധകര്‍ക്ക് ഈ സേവനം ഉപയോഗിക്കാം.
ഖത്തറില്‍ താമസം ബുക്ക് ചെയ്യാതെ തന്നെ 24 മണിക്കൂറിനകം കളി കണ്ട് തിരിച്ചുപോകാമെന്നതാണ് ഷട്ടില്‍ സര്‍വീസിന്‍റെ പ്രത്യേകത. മത്സരത്തിന് അഞ്ചോ ആറോ മണിക്കൂര്‍ മുമ്പ് ആരാധകരെ ഖത്തറിലെത്തിക്കും. ഇവര്‍ക്ക് വിമാനത്താവളത്തില്‍ ചെക് ഇന്‍ ഉണ്ടായിരിക്കില്ല. സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാ സൗകര്യവും ഏര്‍പ്പെടുത്തും. ഖത്തര്‍ എയര്‍വേസ്, ഫ്ലൈ ദുബൈ, കുവൈത്ത് എയര്‍വേസ്, ഒമാന്‍ എയര്‍, സൗദിയ എന്നീ വിമാനക്കമ്പനികളുമായി സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്. ഇത്തിഹാദ്, എയര്‍ അറേബ്യ കമ്പനികളുമായും ചര്‍ച്ച നടത്തുന്നതായി ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബേക്കര്‍ പറഞ്ഞു. പതിനായിരത്തിലേറെ ആരാധകരെയാണ് ഇങ്ങനെ ഷട്ടില്‍ സര്‍വീസ് വഴി ഖത്തറിലെത്തിക്കുക.
Airlines shuttle service for Middle East fans attending World Cup
Adjust Story Font
16