ഖത്തറിൽ മുസ്‌ലിം സ്ത്രീകൾക്കായി സാംസ്‌കാരിക കേന്ദ്രവും പള്ളിയും
സാംസ്‌കാരിക കേന്ദ്രം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ മൗസ ബിൻത് നാസർ ഉദ്ഘാടനം ചെയ്തു
ദോഹ:ഖത്തറിൽ മുസ്‌ലിം സ്ത്രീകളുടെ സാംസ്‌കാരികവും ബൗദ്ധികവുമായ ഉന്നമനത്തിനായി പ്രത്യേക സാംസ്‌കാരിക കേന്ദ്രവും പള്ളിയും യാഥാർത്ഥ്യമായി. 'അൽ മുജാദില സെന്റർ ആന്റ് മോസ്‌ക് ഫോർ വിമൻ' എന്ന പേരിൽ ആരംഭിച്ച സാംസ്‌കാരിക കേന്ദ്രം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ മൗസ ബിൻത് നാസർ ഉദ്ഘാടനം ചെയ്തു.
ആത്മീയ, വിദ്യഭ്യാസ, സാംസ്‌കാരിക ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ശൈഖ മൗസയുടെ നേതൃത്വത്തിൽ പുതുസംരംഭം പ്രാബല്ല്യത്തിൽ വരുന്നത്. എല്ലാ പ്രായക്കാരും ദേശക്കാരുമായ മുസ്‌ലിം വനിതകളെയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് മാതൃകാ സംരംഭം. ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രഥമ വനിതകൾ, ഔഖാഫ് ഇസ്‌ലാമിക മന്ത്രാലയ പ്രതിനിധികൾ, അക്കാദമിക് ഗവേഷകർ എന്നിവർ പങ്കെടുത്തു.
മുസ്‌ലിം സ്ത്രീകളുടെ ഇസ്‌ലാമിക സ്വത്വം ശക്തിപ്പെടുത്തുക, അവരുടെ പങ്കാളിത്തവും സംഭാവനകളും അംഗീകരിക്കുക, ആശങ്കകളും കാഴ്ചപ്പാടുകളും പങ്കുവെക്കുക, പൊതു ചർച്ചകൾക്ക് വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സെന്റർ ആരംഭിച്ചത്.
പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സ്ഥാപക കൂടിയായ ശൈഖ മൗസ ഉദ്ഘാടനം നിർവഹിച്ചത്. സെന്ററിൽ ക്ലാസ് മുറികൾ, ലൈബ്രറി, ഒത്തുകൂടാനുള്ള ഇടങ്ങൾ, കഫേ, പൂന്തോട്ടങ്ങൾ എന്നിവയുമുണ്ട്. സ്ത്രീകൾക്കായി ഒരു കമ്മ്യൂണിറ്റി സ്‌പേസ്, കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, ഇസ്‌ലാമിക ചരിത്രം, ഇസ്‌ലാമിക നിയമം, മാനസികാരോഗ്യം, ക്ഷേമം, ബുക്ക് ക്ലബ്ബുകൾ, പരിശീലന പരിപാടികൾ, ഗവേഷണം എന്നിവ അറബിയിലും ഇംഗ്ലീഷിലും സജ്ജമാക്കിയിട്ടുണ്ട്.
Adjust Story Font
16