Quantcast

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക - പ്രവാസി വെൽഫെയർ

പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനാൽ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവിൽ കണ്ണൂരേക്ക് സർവ്വീസ് നടത്താൻ അനുമതിയില്ല

MediaOne Logo

Web Desk

  • Published:

    26 Sep 2024 9:30 AM GMT

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക - പ്രവാസി വെൽഫെയർ
X

ദോഹ: 'കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക' എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികൾക്ക് പ്രവാസി വെൽഫെയറിന്റെ ഐക്യദാർഢ്യം. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനാൽ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവിൽ കണ്ണൂരേക്ക് സർവ്വീസ് നടത്താൻ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുടക്ക് ന്യായം പറയുന്നത്. അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിന് ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവയ്ക്കും പോയിന്റ് ഓഫ് കോൾ നൽകിയിട്ടുമുണ്ട്.

കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് എയർപോർട്ടിൽ നിന്ന് സർവീസുകൾ ഇല്ലാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്. വലിയ വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താനുള്ള സൗകര്യമുള്ള കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കൂടുതൽ സർവ്വീസുകൾ വർദ്ധിച്ചാൽ വിമാനത്താവളമുപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് സാമ്പത്തിക പ്രതിസന്ധിയും പെട്ടെന്ന് തരണം ചെയ്യാൻ സാധിക്കും. കണ്ണൂരിലേക്കു സർവീസ് നടത്താൻ ഗൾഫ് വിമാനക്കമ്പനികൾക്ക് ആഗ്രഹമുണ്ട്. എന്നാൽ, കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാണിക്കുന്നില്ല. ഗൾഫ് മലയാളികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.

സർവ്വീസുകളുടെ എണ്ണം കുറവായതിനാൽ സീസണുകളിൽ പൊന്നും വിലകൊടുത്താണ് ടിക്കറ്റ് എടുക്കേണ്ടി വരുന്നത്. സർവ്വീസ് നടത്തുന്ന എയർ ഇന്ത്യയുടെ കൃത്യ നിഷ്ഠയില്ലായ്മയും ദുരിതത്തിന്റെ ആഴം കൂട്ടുന്നു. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് അനുകൂല തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിനായി സമ്മർദം ചെലുത്തണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ കൗൺസിലംഗം ഇഖ്ബാൽ ഇബ്രാഹിം തേലക്കാട്ട്, കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം കെ.ടി. ഷരീഫ് തുടങ്ങിയർ സമര പന്തലിലെത്തി ഐക്യദാർഢ്യമറിയിച്ചു.

TAGS :

Next Story