ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ വീണ്ടും അവസരം
ലോകകപ്പ് ഫുട്‌ബോൾ രണ്ടാംഘട്ട റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവർ ജൂൺ 15നുള്ളിൽ പണമടയ്ക്കണം
ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ വീണ്ടും അവസരം. ലോകകപ്പിന്റെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് ഫിഫയുടെ വെബ്‌സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം. 20000 വളണ്ടിയർമാരെയാണ് ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ നിയമിക്കുന്നത്. സ്റ്റേഡിയങ്ങളും പരിശീലന വേദികളും വിമാനത്താവളങ്ങളും ഫാൻ സോണും ഉൾപ്പെടെ 45ഓളം മേഖലകളിൽ വളണ്ടിയർമാരുടെ സേവനം ആവശ്യമാണ്.
2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയണം. ടൂർണമെന്റ് സമയത്ത് ചുരുങ്ങിയത് 10 ഷിഫ്റ്റിലെങ്കിലും സേവനമനുഷ്ടിക്കാൻ കഴിയണമെന്നതാണ് മറ്റൊരു നിബന്ധന. വളണ്ടിയർഷിപ്പിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
ആദ്യഘട്ടത്തിൽ വളണ്ടിയർമാരാകാൻ അപേക്ഷിച്ചവരുടെ അഭിമുഖങ്ങൾ നടന്നുവരുന്നതിനിടെയാണ് ഫിഫ വീണ്ടും അവസരം നൽകുന്നത്. നടപടിക്രമങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് യൂണിഫോം, ജോലി സമയങ്ങളിൽ ഭക്ഷണം, പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര എന്നിവ ലഭ്യമാവും.
നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവർ ജൂൺ 15നുള്ളിൽ പണമടയ്ക്കണം
ലോകകപ്പ് ഫുട്‌ബോൾ രണ്ടാംഘട്ട റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവർ ജൂൺ 15നുള്ളിൽ പണമടയ്ക്കണം. ടിക്കറ്റിന് അപേക്ഷിച്ചവർ ഫിഫ ടിക്കറ്റ് പോർട്ടൽ സന്ദർശിച്ച് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഏപ്രിൽ 5 മുതൽ 28 വരെ നടന്ന രണ്ടാംഘട്ടത്തിൽ 2.35 ലക്ഷം ടിക്കറ്റുകളാണ് ആകെ ബുക്ക് ചെയ്തിരുന്നത്. ഇതിൽ നിന്നും റാൻഡം നറുക്കെടുപ്പിലൂടെ മത്സരം കാണാൻ ഭാഗ്യം ലഭിച്ചവർക്കാണ് ടിക്കറ്റ് ലഭിക്കുക.
ടിക്കറ്റ് ലഭിച്ചവർ ജൂൺ 15 ഖത്തർ സമയം 12 മണിക്ക് മുമ്പ് പണമടയ്ക്കണം. അല്ലാത്തവരുടെ ടിക്കറ്റ് അസാധുവായി കണക്കാക്കും. ലോകഫുട്‌ബോളിലെ വൻ ശക്തികളായ അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് കൂടുതൽ അപേക്ഷകരുണ്ടായിരുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്‌സിക്കോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് തൊട്ടുപിന്നിൽ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അർജന്റീന-മെക്‌സിക്കോ മത്സരത്തിനാണ് കൂടുതൽ പേർ ടിക്കറ്റ് ബുക്ക് ചെയ്തത്.
Another chance to volunteer for Qatar World Cup
Adjust Story Font
16