അറബ്- ഇസ്ലാമിക് രാജ്യങ്ങൾക്ക് മികച്ച നേതാവിനെയാണ് നഷ്ടമായത്: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഖത്തറിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു
ദോഹ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചിച്ചു. അറബ്- ഇസ്ലാമിക് രാജ്യങ്ങൾക്ക് മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഖത്തറിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദേശീയ പതാക മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.
കുവൈത്തിന്റെ പതിനാറാം അമീറായ ശൈഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അസ്സബാഹ് ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.
1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്‌മദ് അൽ ജാബിർ അസ്സബാഹിൻറെ മകനായി ജനിച്ച ഷെയ്ഖ് നവാഫ് കുവൈത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2020 സെപ്റ്റംബറിൽ ശൈഖ് സബ അഹ്‌മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെയാണ് കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അൽ-അഹ്‌മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.
1962 ൽ 25-ാം വയസ്സിൽ ഹവല്ലി ഗവർണറായാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 16 വർഷം ഗവർണ്ണറായി തുടർന്ന അദ്ദേഹം 1978 മാർച്ചിൽ ആഭ്യന്തരമന്ത്രിയായും തുടർന്ന് പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു.
1994 ഒക്ടോബറിൽ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. തുടർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്ന് വർഷം നിയമിതനായ ശൈഖ് നവാഫ്, 2006 ഫെബ്രുവരിയിൽ കിരീടാവകാശിയായി ചുമതലയേറ്റു. 2020ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി അദ്ദേഹം മാറി.
Adjust Story Font
16