ലോകകപ്പിലെ ആദ്യ അങ്കത്തിനായി സുൽത്താനും പടയും ഇന്നിറങ്ങുന്നു
ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സെർബിയയാണ് എതിരാളികൾ
ഫുട്‌ബോളിന്റെ മിശിഹായും ജർമൻ പടയും വീണ പോർക്കളത്തിൽ ഇന്ന് സുൽത്താന്റെ ഊഴമാണ്. കൂടെ ചങ്കും കരളും പകുത്തുനൽകാൻ ടിറ്റെയുടെ കളരിയിൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ചാവേർപ്പട. കണ്ണിമചിമ്മാതെ കോട്ടവാതിലിൽ അലിസൺ ബെക്കർ. മുന്നിൽ ഇരുമെയ്യും ഒരു മനസുമായി സിൽവയും മാർക്വീഞ്ഞോസും.
ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാൻ ഡാനിലോയും അലക്‌സാൻഡ്രോയും. കൊടുങ്കാറ്റായും പർവതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാകവാഹകനായി സുൽത്താൻ നെയ്മർ. സെർബിയൻ കോട്ട പൊളിക്കാൻ മുന്നിൽ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയുമുണ്ടാവും.
അൽപമൊന്നുലഞ്ഞാൽ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി. പ്രതിരോധത്തിലും ആക്രമത്തിലും. ഇരുപതാണ്ട് മുമ്പ്കൈവിട്ട കിരീടവും ചെങ്കോലും ഇത്തവണ തിരിച്ചുപിടിക്കണം.
യൂറോപ്പിൽ പോർച്ചുഗലിനെ വീഴ്ത്തി ഒന്നാമന്റെ തലയെടുപ്പോടെയാണ് സെർബിയ വരുന്നത്. ഏത് പ്രതിരോധവും തകർക്കാനും ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാനും കെൽപ്പുള്ളവരാണവർ. വാഴ്ത്തുപാട്ടുകൾക്കൊത്ത പെരുമ പുറത്തെടുത്തില്ലെങ്കിൽ അയൽക്കാരായ അർജന്റീനയുടെ അതേ ഗതിയാകും ബ്രസീലിനും നേരിടേണ്ടിവരിക.
അതുകൊണ്ടുതന്നെ അട്ടിമറികൾ കൊണ്ട് ഞെട്ടിക്കുന്ന ഖത്തറിൽ സെർബിയയെ വിലകുറച്ചുകാണാൻ ബ്രസീൽ തയാറാവില്ലെന്നുറപ്പാണ്. പ്രാദേശിക സമയം രാത്രി 10 മണിക്ക് ലുസൈലിലാണ് മത്സരം നടക്കുന്നത്.
Adjust Story Font
16