ഖത്തർ ലോകകപ്പിന് ഉപയോഗിച്ച കാബിനുകളും ആർട്ടിഫിഷ്യൽ ഗ്രാസും ലേലത്തിൽ വിൽക്കുന്നു
ഡിസംബർ 8 മുതൽ ലേലം തുടങ്ങും
ദോഹ: ഖത്തർ ലോകകപ്പിൽ താമസത്തിന് ഒരുക്കിയ കാബിനുകളും കൃത്രിമ പുല്ലുകളും ലേലത്തിന്. ലോകകപ്പ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാണികൾക്ക് താമസത്തിനായി ഒരുക്കിയ കാബിനുകളാണ് ലേലത്തിന് വെച്ചിരിക്കുന്നത്. പൂർണമായും ഫർണിഷ് ചെയ്ത 105 കാബിനുകളും വലിയ അളവിൽ കൃത്രിമപുല്ലും ലേലത്തിന് വെക്കുന്നതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. ഡിസംബർ എട്ട് ഞായറാഴ്ച തുടങ്ങുന്ന ലേലം ഇവ കഴിയുന്നത് വരെ തുടരും. കാണികൾക്ക് താമസസൗകര്യം ഒരുക്കിയ ഫ്രീസോണിലെ അബു ഫണ്ടാസ് ഏരിയയിലാണ് ലേലം നടക്കുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഫ്രീസോൺ മെട്രോ സ്റ്റേഷനും അരികിലായാണ് ഈ സ്ഥലം. രാവിലെ എട്ട് മുതൽ 12വരെയും ഉച്ച മൂന്ന് മുതൽ അഞ്ചു വരെയുമാണ് ലേല സമയങ്ങൾ. സ്വദേശികൾക്കും പ്രവാസികൾക്കും ലേലത്തിൽ പങ്കെടുക്കാം. കൃത്രിമ പുല്ല് ഒന്നിച്ച് ഒറ്റ ലേലത്തിൽ വിൽക്കും. കാബിനുകൾ ഒന്നിച്ചോ ഓരോന്നായോ ലേലത്തിൽ എടുക്കാവുന്നതാണ്. 500 റിയാലാണ് ഒരു ലേലത്തിന്റെ നിക്ഷേപ തുക.
Adjust Story Font
16