തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം: നിയമം ലംഘിച്ച 106 കമ്പനികള്‍ക്കെതിരെ നടപടി
പുറംജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും രാവിലെ പത്ത് മുതല്‍ വൈകീട്ട് 3.30 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്ന നിയമം ലഘിച്ച കുറ്റത്തിനാണ് കമ്പനികള്‍ക്കെതിരെ ഖത്തര്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്
ഖത്തറില്‍ വേനല്‍കാലത്തേക്കുള്ള പ്രത്യേക തൊഴില്‍സമയം പാലിക്കാത്ത കുറ്റത്തിന് 106 കമ്പനികള്‍ക്കെതിരെ കൂടി തൊഴില്‍ മന്ത്രാലയം ശിക്ഷാനടപടികള്‍ സ്വീകരിച്ചു. മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടിക്കിരയായ കമ്പനികളോട് മന്ത്രാലയം ഉത്തരവിട്ടു.
പുറംജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്ന നിയമം ലഘിച്ച കുറ്റത്തിനാണ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജൂലൈ മാസം തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള കോണ്‍ട്രാക്റ്റിങ്, കെട്ടിടനിര്‍മ്മാണം, തോട്ടം ജോലികള്‍ എന്നിവ നടത്തുന്ന കമ്പനികളാണ് പ്രധാനമായും പിടിക്കപ്പെട്ടത്. ഈ സ്ഥാപനങ്ങളോട് മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മന്ത്രാലയം ഉത്തരവിട്ടു. ഇതോടെ ഇതേ കുറ്റത്തിന് പിടിക്കപ്പെടുന്ന കമ്പനികളുടെ എണ്ണം 436 ആയി.
ഇക്കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് സെപ്തംബര്‍ 15 വരെ നീണ്ടുനില്‍ക്കും. താരതമ്യേന ചൂട് കൂടുതലായതിനാല്‍ ഇക്കുറി രണ്ട് മണിക്കൂര്‍ അധിക വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. നിര്‍ബന്ധിത വിശ്രമസമയം പരിഗണിച്ചായിരിക്കണം സ്ഥാപനങ്ങളും തൊഴിലുടമകളും തൊഴിലാളികളുടെ ഈ കാലയളവിലെ പ്രവൃത്തിസമയം ക്രമീകരിക്കേണ്ടത്.
ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂള്‍ തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പതിപ്പിച്ചിരിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. കൂടാതെ തൊഴിലിടങ്ങളില്‍ ഏത് സമയവും സൗജന്യ കുടിവെള്ളം ലഭ്യമാക്കല്‍, ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ള പരിശീലനം നല്കല്‍, തൊഴില്‍മേഖലകളില്‍ തണലൊരുക്കാനുള്ള സജ്ജീകരണം, ചൂടില്‍നിന്ന് രക്ഷ നേടുന്നതിനുള്ള വസ്ത്രങ്ങളോ യൂനിഫോമുകളോ അനുവദിക്കല്‍ തുടങ്ങിയ നിബന്ധനകളും തൊഴിലുടമകള്‍ പാലിക്കണം.
Adjust Story Font
16