ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഖത്തറിൽ പന്ത് തട്ടാനെത്തുന്നു
ഖത്തരി ക്ലബ് അൽ ഗറാഫയുമായുള്ള മത്സരത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലെത്തുന്നത്
ദോഹ: ലോകകപ്പ് ഫുട്‌ബോളിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഖത്തറിൽ പന്ത് തട്ടാനെത്തുന്നു. ഈ മാസം 25 നാണ് ക്രിസ്റ്റ്യാനോയുടെ അൽനസ്ർ ഖത്തറിൽ കളിക്കുന്നത്. എഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഖത്തരി ക്ലബ് അൽ ഗറാഫയുമായുള്ള മത്സരത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലെത്തുന്നത്. ഈ മാസം 25 ന് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.
ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരം നടന്ന അൽബെയ്ത്ത് സ്റ്റേഡിയമാണ് വേദി. 68000 ത്തിലേറെ പേർക്ക് കളി കാണാൻ ഇവിടെ സൗകര്യമുണ്ട്. 35 ഖത്തർ റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. കാറ്റഗറി വൺ ടിക്കറ്റിന് 80 റിയാലും വിഐപി ടിക്കറ്റിന് 400 റിയാലുമാണ് നിരക്ക്.
ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് വിജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് അൽനസ്‌റിനുള്ളത്. നാലും വിജയിച്ച അൽ ഹിലാലും അൽ അഹ്‌ലിയുമാണ് പട്ടികയിൽ അൽനസ്‌റിന്റെ മുന്നിലുള്ള ടീമുകൾ. ഒരു ജയവും ഒരു സമനിലയുമുള്ള അൽ ഗരാഫ ആറാം സ്ഥാനത്താണ്.
Adjust Story Font
16