ഖത്തര്‍ ഇന്‍കാസില്‍ അച്ചടക്ക നടപടി, ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ്
ഐസിസി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചെന്ന് കാട്ടിയാണ് നടപടി
- Updated:
2021-11-12 13:55:52.0
ഖത്തറിലെ കോണ്‍ഗ്രസ് പ്രവാസി വിഭാഗമായ ഇന്‍കാസ് ഖത്തറില്‍ അച്ചടക്ക നടപടി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ച് ഇന്‍കാസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ഒപ്പം സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് ജോപ്പച്ചന്‍ തെക്കെക്കൂറ്റിന് കൈമാറി. ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ വിഭാഗമായ ഐസിസിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്‍കാസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജൂട്ടാസ് പോളിനെതിരെ പരസ്യമായി രംഗത്ത് വരികയും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നുമാണ് ജോപ്പച്ചനെതിരെയുള്ള പരാതി. നടപടിക്കാര്യത്തില്‍ ജോപ്പച്ചന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കാനും ഇല്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും കത്തിലുണ്ട്. കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ: ''ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിനായി പരസ്യമായി രംഗത്ത് വരികയും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വോട്ട് മറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത പ്രവൃത്തി പൊതു സമൂഹത്തില്‍ സംഘടനയ്കക്് അവമതിപ്പ് വരുത്തിയതായി ഇന്‍കാസ് ഖത്തര്‍ താങ്കള്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയും കര്‍ശനമായ അച്ചടക്ക നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ആയത് കണക്കിലെടുത്ത് താങ്കള്‍ക്കെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ആയതിനാല്‍ താങ്കളെ ഇന്‍കാസിന്‍റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും അതോടൊപ്പം തന്നെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍റ് ചെയ്തതായി അറിയിക്കുന്നു''.
അതെ സമയം പരാതിക്ക് ആധാരമായ രീതിയില്‍ അച്ചടക്ക ലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് പ്രതികരിച്ചു. ഐസിസി തെരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പല്ല. ഇക്കാര്യം നേരത്തെ കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിരുന്നതായും ജോപ്പച്ചന്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഐസിസി തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജൂട്ടാസ് പോള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ ഇന്‍കാസ് അധ്യക്ഷന്‍ സമീര്‍ ഏറാമല കെപിസിസി മുമ്പാകെ ജോപ്പച്ചന്‍ തെക്കെക്കൂറ്റിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും കെപിസിസി തെരഞ്ഞെടുപ്പ് കാരണം നടപടി നീണ്ടുപോകുകയായിരുന്നു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്‍റ് ശങ്കരപിള്ള കുമ്പളത്ത്, ഇന്‍കാസ് പ്രസിഡന്‍റ് സമീര്‍ ഏറാമല എന്നിവര്‍ക്ക് പകര്‍പ്പ് വെച്ചാണ് സസ്പെന്‍ഷന്‍ കത്ത് അയച്ചിരിക്കുന്നത്.
Adjust Story Font
16