കാനിൽ തിളങ്ങി ഖത്തർ മലയാളിയുടെ 'ഡോഗ് ബ്രദേഴ്സ്'
ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം പ്രമേയമാക്കി തിരുവനന്തപുരം സ്വദേശി ഗോപകുമാര്‍ നായര്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന് കാന്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം പ്രമേയമാക്കി ഖത്തര്‍ പ്രവാസി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന് കാന്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം. തിരുവനന്തപുരം സ്വദേശി ഗോപകുമാര്‍ നായര്‍ നിര്‍മ്മിച്ച് വിശ്വന്‍ സംവിധാനം ചെയ്ത 'ഡോഗ് ബ്രദേഴ്സാ'ണ് കാന്‍ മേളയില്‍ ഇന്ത്യയുടെ അഭിമാനമായത്.
ഖത്തര്‍ ടിവിയില്‍ സീനിയര്‍ കാമറാമാനായി ജോലി ചെയ്യുന്ന ഗോപകുമാര്‍ നായരുടെ ഗ്രേറ്റ് എവി പ്രോഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. രണ്ട് സഹോദരങ്ങളും രണ്ട് നായ്ക്കുട്ടികളും തമ്മിലുള്ള സൗഹൃദത്തിലൂടെ കഥ പറയുന്ന 14 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശ്വനാണ്. നേരത്തെ കല്‍ക്കട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അച്ചീവ്മെന്‍റ് അവാര്‍ഡ് നേടിയ ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരുവില്വാമല എന്ന ഗ്രാമത്തിലെ ഒരു സംഘം കുട്ടികളാണ് ചിത്രത്തിലെ മുഖ്യവേഷം ചെയ്തിരിക്കുന്നത്. കൂടാതെ ചലച്ചിത്ര താരം പ്രതാപൻ കെഎസും നാടൻപാട്ട് കലാകാരി വസന്ത പഴയന്നൂരും പ്രധാന വേഷങ്ങളിലെത്തുന്നു. വിജേഷ് കപ്പാറയാണ് ചിത്രത്തിന്‍റെ കാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ ദൂരദര്‍ശനിലും പിന്നീട് കൈരളിയിലും കാമറാമാനായി ജോലി ചെയ്ത ഗോപകുമാര്‍ 2004ലാണ് ഖത്തര്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ ടിവിയില്‍ ജോലിയാരംഭിച്ചത്.
Adjust Story Font
16