Quantcast

ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു

ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ആല്‍ഥാനിയും ഇന്ത്യന്‍ അംബാസഡറും ചേര്‍ന്നാണ് പുരസ്കാരം കൈമാറിയത്

MediaOne Logo

Web Desk

  • Published:

    9 Aug 2021 6:22 PM GMT

ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു
X

ഖത്തറിലെ പ്രമുഖ ഇഎന്‍ടി വിദഗ്ധനും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്‍റുമായ ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ആല്‍ഥാനിയും ഇന്ത്യന്‍ അംബാസഡറും ചേര്‍ന്നാണ് പുരസ്കാരം കൈമാറിയത്.

ഖത്തറിലെ ആതുര ശുശ്രൂഷാ രംഗത്തെ മഹനീയ സേവനം പരിഗണിച്ച് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡോ. മോഹന്‍ തോമസിന് കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ദോഹ അബൂഹമൂര്‍ ഐസിസി ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ പ്രശസ്തി ഫലകം കൈമാറി. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി മെഡല്‍ സമ്മാനിച്ചു.

ഭാരതം നല്‍കിയ വലിയ അംഗീകാരം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ഡോ. മോഹന്‍ തോമസ് പറഞ്ഞു. ഖത്തറിന്‍റെ മണ്ണില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഡോ. മോഹന്‍ തോമസ് വഹിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ മുന്‍ മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, അമീരി ദിവാനി ഉപദേശകനും ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ ശൈഖ് അബ്ദുല്ല ബിന്‍ അലി ആല്‍ഥാനി, ഖത്തര്‍ ആരോഗ്യമന്ത്രാലയം പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഖത്തര്‍ മുന്‍ ഉപ പ്രധാനമന്ത്രിയും ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അഥിയ്യ, ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍, ആഭ്യന്തര മന്ത്രാലയം മെഡിക്കല്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ല സെയ്ഫ് അല്‍ അബ്ദുല്ല എന്നിവര്‍ വിഡിയോ സന്ദേശം വഴിയും ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍, പ്രവാസി സാമൂഹ്യ സംഘടനാ സാരഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസി കലാകാരന്മാര്‍ അവതരിപ്പിച്ച ഗസല്‍, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തപരിപാടികള്‍ തുടങ്ങിയവയും ചടങ്ങിന് മിഴിവേകി.

TAGS :

Next Story