Quantcast

മൽഖ റൂഹിക്കായുള്ള ചികിത്സാ ധനസമാഹരണം ലക്ഷ്യത്തിലെത്തിച്ച് ഖത്തറിലെ പ്രവാസി മലയാളികളും ഖത്തർ ചാരിറ്റിയും

അഞ്ചു മാസം കൊണ്ടാണ് ധനസമാഹരണം ലക്ഷ്യത്തിലെത്തിയത്

MediaOne Logo

Web Desk

  • Published:

    21 Aug 2024 6:45 PM GMT

മൽഖ റൂഹിക്കായുള്ള ചികിത്സാ ധനസമാഹരണം ലക്ഷ്യത്തിലെത്തിച്ച് ഖത്തറിലെ പ്രവാസി മലയാളികളും ഖത്തർ ചാരിറ്റിയും
X

ദോഹ: ഖത്തർ മലയാളികളുടെ നെഞ്ചിലെ നോവായിരുന്നു കുഞ്ഞു മൽഖ. എസ്എംഎ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി രാവും പകലും അവർ കൈകോർത്തുപിടിച്ചു. ആഘോഷങ്ങൾ മാറ്റിവെച്ചു. വരച്ചും വിളമ്പിയും വിവിധ ചലഞ്ചുകളിലൂടെയും പണം സ്വരൂപിച്ചു, കമ്പനികൾ ലാഭവിഹിതം മാറ്റിവെച്ചു. 26 കോടിയോളം രൂപയായിരുന്നു ചികിത്സയ്ക്കാവശ്യം. ഇതിൽ 17 കോടി കവിഞ്ഞതിന് പിന്നാലെ ഖത്തർ ചാരിറ്റി ധനസമാഹരണം അവസാനിപ്പിച്ചു.

ഉന്നത ഇടപെടലുകളിലൂടെ മരുന്ന് തുകയിൽ ഇളവ് ലഭ്യമാക്കിയതോടെയാണ് ധനശേഖരണം നേരത്തെ അവസാനിപ്പിക്കാൻ കഴിഞ്ഞത്. മരുന്നെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ധനശേഖരണത്തിന് നേതൃത്വം നൽകിയവർ അറിയിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശികളായ മുഹമ്മദ് റിസാൽ, നിഹാല ദമ്പതികളുടെ മകളാണ് ഒമ്പത് മാസം പ്രായമുള്ള മൽഖ റൂഹി.

രണ്ടാം മാസത്തിലായിരുന്നു കുഞ്ഞിന് സ്‌പൈനൽ മസ്‌കുലാർ അട്രോഫി ടൈപ്പ് വൺ രോഗമാണെന്ന് തിരിച്ചറിയുന്നത്. 1.16 കോടി റിയാൽ വിലയുള്ള സോൾജെൻസ്മ' എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ചാൽ മാത്രമേ ചികിത്സ നൽകാൻ കഴിയൂ എന്ന ഘട്ടത്തിൽ ഖത്തർ ചാരിറ്റി ഫണ്ട് സമാഹരണം ഏറ്റെടുക്കുകയായിരുന്നു.കുഞ്ഞിന്റെ ചികിത്സ ഖത്തറിലെ സിദ്ര ആശുപത്രിയിലാണ് നടക്കുന്നത്


TAGS :

Next Story