ഖത്തർ ലോകകപ്പിനെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നത് കാപട്യം: വിദേശകാര്യമന്ത്രി
'നിയമത്തെ ബഹുമാനിക്കാൻ ഖത്തറിലെത്തുന്നവർ ശ്രദ്ധിക്കണം. മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ ഖത്തരികർ അവരുടെ നിയമങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്'
ദോഹ: ഖത്തർ ലോകകപ്പിനെതിരെ ഇപ്പോഴും തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്ന രീതി കാപട്യമാണെന്നു വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുറഹ്മാൻ അൽഥാനി. ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാന് അൽത്താനിയുടെ പ്രതികരണം. ഇപ്പോഴും ഖത്തറിനെതിരെ കുറച്ചാളുകൾ ബോധപൂര്വമായ പ്രചാരണ കോലാഹലങ്ങൾ അഴിച്ചുവിടുന്നു. ഇത്തരം കപട പ്രചാരവേലകളെ ഖത്തർ അപലപിക്കുന്നു. ലോകം മുഴുവൻ ഖത്തറിനൊപ്പം ലോകകപ്പ് ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ്. വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രം ഇപ്പോഴും ഇത് ഉൾക്കൊള്ളാനാകുന്നില്ല. 97 ശതമാനം ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നതായും ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും ഊഷ്മളതയോടെ സ്വീകരിച്ച ചരിത്രവും പാരമ്പര്യവുമാണ് ഖത്തറിനുള്ളത്. ലോകകപ്പ് കാലത്തും അത് പ്രകടമാകും. ഖത്തറിന്റെ നിയമത്തെ ബഹുമാനിക്കാൻ ഖത്തറിലെത്തുന്നവർ ശ്രദ്ധിക്കണം. മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ ഖത്തരികർ അവരുടെ നിയമങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. ലോകകപ്പിനെത്തുന്ന ഏത് താരത്തിനും സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനും നിലപാടുകൾ സ്വീകരിക്കാനും സ്വാതന്ത്യമുണ്ടാകും. അതിൽ നിന്ന് ആരും ആരെയും തടയില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
അതിനിടെ, ഖത്തറിൽ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ എയർഷോ ശ്രദ്ധേയമായി. ഖത്തർ വ്യോമസേനയ്ക്ക് കീഴിലെ വിവിധ വിഭാഗങ്ങൾ അണിനിരന്ന എയർഷോ കാണാൻ നിരവധി പേരാണ് കോർണീഷിലെത്തിയത്. ലോകകപ്പിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വ്യോമസേനയുടെ കരുത്ത് പ്രകടമാക്കിക്കൊണ്ടാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം നടന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കോർണീഷിന്റെ ആകാശത്ത് വർണവിസ്മയം തീർത്തുകൊണ്ടായിരുന്നു എയർ ഷോ.
ഖത്തർ അമിരി വ്യോമസേന, അൽ സഈം മുഹമ്മദ് ബിൻ അബ്ദുല്ല അൽ അതിയ്യ കോളജ്, 12ാമത് ജോയന്റ് സ്‌ക്വാഡ്രൺ, സൗദി ഫാൽക്കൻസ് ടീം, ബ്രിട്ടീഷ് എയർഫോഴ്‌സ് എയ്‌റോബാറ്റിക് ടീം (റെഡ് ആരോസ്) എന്നിവരുടെ യൂണിറ്റുകൾ ചെറു വിമാനങ്ങളിൽ ചുവപ്പും നീലയും വെള്ളയും നിറങ്ങളിൽ ആകാശത്ത് ചിത്രമെഴുതി പറന്നു. ദോഹ കോർണീഷ് വെസ്റ്റ്‌ബേ എന്നിവിടങ്ങളിലായാണ് ജനങ്ങൾക്ക് എയര്‌ഷോ കാണാൻ സൗകര്യമൊരുക്കിയത്. കുടുംബങ്ങളുൾപ്പെടെ നൂറുകണക്കിന് പേരാണ് എയർഷോ കാണാനെത്തിയത്.
Foreign Minister Mohammad Abdurrahman Althani said that the way false propaganda is still being launched against Qatar World Cup is hypocritical.
Adjust Story Font
16