അഫ്ഗാനിസ്ഥാനിൽ നിന്നും വനിതാ ഫുട്ബോള്‍ താരങ്ങളെ ദോഹയിലെത്തിച്ചു: ഖത്തറിന് നന്ദി പറഞ്ഞ് ഫിഫ
നൂറോളം വരുന്ന താരങ്ങളെ സുരക്ഷിതമായി എത്തിക്കുന്നതിനായി പിന്തുണയും സഹായവും നല്കിയ ഖത്തര്‍ ഭരണകൂടത്തിന് ഫിഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഖത്തറിന്റെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും വനിതാ ഫുട്ബോള്‍ താരങ്ങളെയും പരിശീലകരെയും ദോഹയിലെത്തിച്ചതായി ഫിഫ. നൂറോളം വരുന്ന താരങ്ങളെ സുരക്ഷിതമായി എത്തിക്കുന്നതിനായി പിന്തുണയും സഹായവും നല്കിയ ഖത്തര്‍ ഭരണകൂടത്തിന് ഫിഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വ്യാഴാഴ്ച കാബൂളില്‍ നിന്നുമെത്തിയ വിമാനത്തിലായിരുന്നു വനിതാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറോളം ഫുട്ബോള്‍ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ഖത്തറിലെത്തിയത്. താലിബാന് അധികാരമേറ്റെടുത്തതോടെ രാജ്യം വിടാന്‍ ആഗ്രഹിച്ച താരങ്ങള്‍ക്ക് രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷനായ ഫിഫയുടെ നേതൃത്വത്തില്‍ വഴിയൊരുക്കുകയായിരുന്നു. ഖത്തറിന്റെ നിര്‍ണായക ഇടപെടലുകളും തുണയായി.
സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കളിക്കാരെയും അവരുടെ ബന്ധുക്കളെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഏറെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നാണ് താരങ്ങളെ രക്ഷപ്പെടുത്തിയതെന്നും ഇതിനായി സഹായിച്ച ഖത്തറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഫിഫ അറിയിച്ചു. 357 പേരുമായി വ്യാഴാഴ്ച രാത്രിയില്‍ ഖത്തര്‍ എയര്‍വേസ് വിമാനം ദോഹയിലെത്തിയതായി വിദേശകാര്യ സഹമന്ത്രി ലുല്‍വ ബിന്ത് റാശിദും അറിയിച്ചു.
നേരത്തെ ലോക സൈക്ലിങ് ഫെഡറേഷന് നേതൃത്വത്തില്‍ സൈക്ലിങ് താരങ്ങള്‍ ഉള്‍പ്പെടെ 165 പേരെ അഫ്ഗാനില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഒളിമ്പിക് കമ്മിറ്റി നേതൃത്വത്തില്‍ 100 പേരെയും വിവിധ രാജ്യങ്ങളിലെത്തിച്ചു. ആസ്ട്രേലിയ 50 വനിതാ അത്ലറ്റുകള്‍ക്കും പോര്‍ചുഗല്‍ വനിതാ യൂത്ത് ഫുട്ബോള്‍ താരങ്ങള്‍ക്കും അഭയം നല്‍കിയിരുന്നു.
Adjust Story Font
16