കേരള മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റം ലോക വേദിയിൽ അവതരിപ്പിച്ച് നാല് മലയാളി വനിതകൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം വനിതാ ചിന്തകരെയും ഗവേഷകരെയും ഉൾക്കൊള്ളിച്ച് ഖത്തറിൽ നടന്ന ജദൽ ഉച്ചകോടിയിലാണ് നാല് മലയാളികളും പങ്കെടുത്തത്
ദോഹ: കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റം ലോക വേദിയിൽ അവതരിപ്പിച്ച് നാല് മലയാളി വനിതകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം വനിതാ ചിന്തകരെയും ഗവേഷകരെയും ഉൾക്കൊള്ളിച്ച് ഖത്തറിൽ മുജാദല സെന്റർ സംഘടിപ്പിച്ച ജദൽ ഉച്ചകോടിയിലാണ് നാല് മലയാളികളും പങ്കെടുത്തത്. മാധ്യമപ്രവർത്തകയും ഗവേഷകയുമായ ഖദീജ റംസിയ, കാലിക്കറ്റ് സർവകലാശാല സോഷ്യോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. നാജിയ പി.പി കുന്ദമംഗലം, സൗത്തേൺ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർഥി ആബിദ അബ്ദുല്ല മഞ്ചേരി, മലപ്പുറം സ്വദേശിയും ഭുവനേശ്വർ കെഐഐടി സോഷ്യോളജി അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. ഫർസാന കെ.പി എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
100 ലേറെ പ്രതിനിധികളും 75 ഓളം പ്രഭാഷകരും പങ്കെടുത്ത വേദിയിൽ കേരളത്തിലെ മുസ്‌ലിം വനിതകളുടെ ജീവിതവും ഇടപെടലുകളും അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ നാല് പേരും. മലബാറിലെ മുസ്‌ലിം സ്ത്രീകൾക്കിടയിലെ ചികിത്സാരീതികളെ കുറിച്ചാണ് ഡോ. ഫർസാന സംവദിച്ചത്. വെല്ലുവിളികളും അവസരങ്ങളും എന്ന സെഷനിൽ സംസാരിച്ച കോഴിക്കോട് സ്വദേശി ഖദീജ റംസിയ മലയാളികൾക്കിടയിലെ പ്രസവാനനന്തര ഭക്ഷണരീതികളും മുസ്‌ലിം സ്ത്രീകളുടെ കുടംബങ്ങളിലെ പങ്കാളിത്തവുമാണ് സദസിന്റെ ശ്രദ്ധയിലെത്തിച്ചത്.
മുസ്‌ലിം വനിതകളുടെ പൊതുമണ്ഡലത്തിലെ ഇടപെടലിൽ ഊന്നിയാണ് ഡോ. നാജിയ വിഷയം അവതരിപ്പിച്ചത്. വിമോചനത്തിന്റെ പുനർവിചിന്തനം എന്ന വിഷയത്തിലാണ് ആബിദ അബ്ദുല്ല ആദ്യദിനം സദസിനെ അഭിസംബോധന ചെയ്തത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ചും സാമൂഹിക ഇടപെടലുകളെ കുറിച്ചും ആവേശത്തോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകർ കേട്ടതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
Adjust Story Font
16