Quantcast

ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു

അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Aug 2024 4:49 PM GMT

Gaza ceasefire talks resume in Doha
X

ദോഹ: ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്. ഹമാസ് ചർച്ചയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയെ ഇസ്രായേൽ ഇറാനിൽ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചർച്ചകൾ നിലച്ചത്. തങ്ങളുടെ മണ്ണിൽ വെച്ച് നടന്ന കൊലപാതകത്തിന് ഇസ്രായേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാൻ നിലപാട് എടുത്തതോടെ മേഖലയിൽ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു.

ഇതിനിടെയാണ് മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ, അമേരിക്ക. ഈജിപ്ത് ഭരണാധികാരികൾ സംയുക്തമായി തീരുമാനമെടുത്തത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ചർച്ചയിൽ ഇസ്രായേലിനെ പ്രതിനിധീകരിച്ച് മൊസാദ് തലവൻ ഡേവിഡ് ബെർണിയ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഹമാസ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പുതിയ ചർച്ചകൾ ഇസ്രായേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതൽ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കൽ മാത്രമാണെന്നാണ് മുതിർന്ന ഹമാസ് നേതാവ് സമി അബു സുഹ്‌റി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.

ഗസ്സയിൽ അടിയന്തര വെടി നിർത്തലും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി തടവുകാരുടെ മോചനവുമാണ് ചർച്ചയിലെ മുഖ്യ അജണ്ട. വെടി നിർത്തൽ പ്രഖ്യാപനത്തിലൂടെ യുദ്ധ വ്യാപനം തടയാമെന്നാണ് വിലയിരുത്തൽ. അതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മേഖലയിൽ സന്ദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് അവസാന നിമിഷം റദ്ദാക്കി.

TAGS :

Next Story