ഗസ്സയിൽ വെടിനിർത്തൽ: ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് റിപ്പോർട്ട്
രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
ദോഹ: ഗസ്സയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ പുതിയ വെടിനിർത്തൽ കരാർ ഉടനുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഇക്കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.
വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയേയും ഫോണിൽ വിളിച്ചിരുന്നു. അതേസമയം ഗസ്സയിൽ ഇസ്രായേൽ ജനീവ കരാർ ലംഘിക്കുകയാണെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽ ഖാതിർ ആരോപിച്ചു. മരുന്നും ഭക്ഷണവും എത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന അന്താരാഷ്ട്ര നിയമം ഇസ്രായേൽ ഗൗനിക്കുന്നില്ലെന്നും ഖത്തർ ആരോപിച്ചു.
Adjust Story Font
16