ഗസ്സയിലെ വെടിനിർത്തൽ ഖത്തറിന്റെ നയതന്ത്ര വിജയം
നയതന്ത്ര ഇടപെടലുകൾക്കൊപ്പം തന്നെ ഗസ്സയിലെ കുരുതികൾ ലോകത്തെ അറിയിക്കുന്നതിൽ ഖത്തരി മാധ്യമമായ അൽ ജസീറയുടെ സാന്നിധ്യവും വിലമതിക്കാനാവാത്തതാണ്.
ദോഹ: ഗസ്സയിൽ വെടിനിർത്തലിനും ബന്ദി മോചനത്തിനും വഴിതെളിച്ചത് ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളുടെ വിജയം. സംഘർഷം തുടങ്ങിയ നിമിഷം മുതൽ തന്നെ ഖത്തർ സമാധാന ദൗത്യവുമായി രംഗത്തിറങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനിലും യുക്രൈനിലെ ബന്ദി മോചനത്തിലും ഇറാൻ- അമേരിക്ക തടവുകാരുടെ കൈമാറ്റത്തിലുമെല്ലാം ലോകത്തിന്റെ കയ്യടി നേടിയ ഖത്തറെന്ന കുഞ്ഞു രാജ്യം നയതന്ത്ര ഇടപെടലുകളിലൂടെ വീണ്ടും ലോകത്തിന് മാതൃകയാകുകയാണ്.
ഗസ്സയിൽ ഖത്തർ മധ്യസ്ഥശ്രമങ്ങളുമായി രംഗത്തിറങ്ങുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രങ്ങളുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ്. ഒക്ടോബർ ഏഴ് മുതൽ ദോഹ സന്ദർശിക്കുകയോ ഖത്തറുമായി ആശയവിനിമയം നടത്തുകയോ ചെയ്യാത്ത ലോകരാജ്യങ്ങൾ വിരളമാണ്. യു.എൻ സെക്രട്ടറി ജനറലും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമെല്ലാം ഖത്തറിലെത്തി. യുദ്ധം അവസാനിപ്പിക്കൽ മാത്രമായിരുന്നില്ല, യുദ്ധം മേഖലയൊന്നാകെ പടരാതെ നോക്കൽ കൂടിയായിരുന്നു ഖത്തറിന്റെ ആദ്യ ദൗത്യം.
ഇരുപക്ഷവുമായും തുറന്ന ആശയവിനിമയത്തിന് ശേഷിയുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. സമാധാന ശ്രമത്തിൽ അതൊരു ഉത്തരവാദിത്തമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഏറ്റെടുത്തു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബന്ദികളെ ഹമാസ് മോചിപ്പിച്ചു. റഫ അതിർത്തി തുറക്കാൻ നടത്തിയ ശ്രമങ്ങൾ ഗസ്സയിൽ നിന്നും വിദേശികളെ പുറത്തെത്തിക്കാൻ സഹായിച്ചു. അറബ് - ഇസ്‌ലാമിക് ഉച്ചകോടിയുടെ തീരുമാനത്തിന്റെ ഭാഗമായി ഇസ്രായേൽ ആക്രമണത്തിനെതിരെ യു.എൻ രക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങൾ അടക്കമുള്ള ലോകശക്തികളെ ഒരുമിച്ച് നിർത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഖത്തറാണ്. ഇതിന്റെ ഭാഗമായി നിലവിൽ റഷ്യയും ബ്രിട്ടനും സന്ദർശിക്കുകയാണ് ഖത്തർ പ്രധാനമന്ത്രി.
നയതന്ത്ര ഇടപെടലുകൾക്കൊപ്പം തന്നെ ഗസ്സയിലെ കുരുതികൾ ലോകത്തെ അറിയിക്കുന്നതിൽ ഖത്തരി മാധ്യമമായ അൽ ജസീറയുടെ സാന്നിധ്യവും വിലമതിക്കാനാവാത്തതാണ്. ഇസ്രായേലിന്റെ കള്ളപ്രചാരണങ്ങൾ പൊളിക്കുന്നതിലും ലോകമനസാക്ഷിയെ ഗസ്സയ്‌ക്കൊപ്പം നിർത്തുന്നതിലും അൽ ജസീറ നിർണായക പങ്കുവഹിക്കുന്നു.
Adjust Story Font
16